06 May, 2024 07:50:46 AM
ഇസ്രായേലില്‍ അല്‍ജസീറയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ നെതന്യാഹു മന്ത്രിസഭയുടെ പ്രമേയം
ജറുസലേം : ഇസ്രായേലില്‍ അല്‍ജസീറയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ മന്ത്രി സഭയില്‍ പ്രമേയം പാസ്സാക്കി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മന്ത്രിസഭ. 'തീരുമാനം മന്ത്രിസഭ ഒറ്റക്കെട്ടായി പാസാക്കിയെന്നും അതിനാല്‍ ഉടന്‍ തന്നെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നുമുള്ള സന്ദേശം' ലഭിച്ചതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
അല്‍ജസീറയടക്കമുള്ള മാധ്യമങ്ങളെ രാജ്യത്ത് നിന്ന് പുറന്തള്ളുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന മാധ്യമ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നത് അനുവദിച്ചുള്ള ബില്‍ മന്ത്രിസഭ പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അല്‍ജസീറയുടെ പ്രവര്‍ത്തനം രാജ്യത്ത് അവസാനിപ്പിക്കുന്നതില്‍ മന്ത്രിസഭയില്‍ വോട്ടെടുപ്പ് നടന്നത്.
വോട്ടെടുപ്പില്‍ തീരുമാനത്തിന് അംഗീകാരം ലഭിച്ചതോടെ മന്ത്രിസഭാ പ്രഖ്യാപനം നെതന്യാഹു തന്നെ തന്റെ എക്‌സിലൂടെ കുറിച്ചു. 'തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇസ്രായേലില്‍ അല്‍ജസീറയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഏകകണ്ഠമായി തീരുമാനമെടുത്തതായി' നെതന്യാഹു പറഞ്ഞു. മന്ത്രിസഭ തീരുമാനത്തില്‍ താന്‍ ഒപ്പുവെച്ചതായി ഇസ്രായേല്‍ കമ്മ്യൂണിക്കേഷന്‍ മിനിസ്റ്റര്‍ ഷ്‌ലോമോ കാര്‍ഹിയും അറിയിച്ചു. 'ക്യാമറകള്‍, കമ്ബ്യൂട്ടറുകള്‍, വാര്‍ത്താ റിപ്പോര്‍ട്ട് ചെയ്യാന്‍ ഉപയോഗിക്കുന്ന മറ്റ് വസ്തുക്കളും പിടിച്ചെടുക്കുവാന്‍ നിര്‍ദേശം നല്‍കിയതായും' അദ്ദേഹം പറഞ്ഞു.