12 May, 2024 12:04:08 PM


ഐക്യരാഷ്ട്ര സംഘടനയില്‍ പാലസ്തീന് പൂർണ അംഗത്വം: പിന്തുണച്ച്‌ 143 രാജ്യങ്ങള്‍



ന്യൂയോർക്ക്: ഐക്യരാഷ്ട്ര സംഘടനയില്‍ പാലസ്തീന് പൂർണ അംഗത്വം നല്‍കുന്നത് പരിഗണിക്കണമെന്ന് സുരക്ഷാ സമിതിയോട് ആവശ്യപ്പെടുന്ന പ്രമേയത്തെ പൊതുസഭയില്‍ പിന്തുണച്ച്‌ ഇന്ത്യ അടക്കം 143 രാജ്യങ്ങള്‍. പൊതുസഭയില്‍ പാലസ്തീന് കൂടുതല്‍ അവകാശങ്ങളും പദവികളും ലഭിക്കുമെന്ന് വൻ ഭൂരിപക്ഷത്തോടെ പാസായ പ്രമേയത്തില്‍ പറയുന്നു.


പാലസ്തീൻ പ്രതിനിധികള്‍ക്ക് പൊതുസഭയില്‍ അക്ഷരമാല ക്രമത്തില്‍ അംഗരാജ്യങ്ങള്‍ക്കൊപ്പം ഇരിക്കാം. വിവിധ വിഷയങ്ങളിലുള്ള യോഗങ്ങളില്‍ സംസാരിക്കാം. നിർദ്ദേശങ്ങള്‍ സമർപ്പിക്കുകയും യു.എന്നിന്റെ അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ പങ്കെടുക്കുകയും ചെയ്യാം. സെപ്‌തംബർ മുതല്‍ നിലവില്‍ വരും. നിലവില്‍ അംഗമല്ലാത്ത നിരീക്ഷക പദവിയാണ് പാലസ്തീന് യു.എന്നില്‍ നല്‍കിയിട്ടുള്ളത്. 193 അംഗങ്ങളാണ് യു.എന്നിലുള്ളത്.


ഇസ്രയേലും യു.എസും അടക്കം 9 രാജ്യങ്ങള്‍ പ്രമേയത്തെ അതിർത്തപ്പോള്‍ 25 രാജ്യങ്ങള്‍ വിട്ടുനിന്നു. യു.എന്നില്‍ പാലസ്തീന് പൂർണ അംഗത്വം നല്‍കാൻ രക്ഷാ സമിതിയില്‍ കഴിഞ്ഞ മാസം പ്രമേയം അവതരിപ്പിച്ചെങ്കിലും യു.എസ് വീറ്റോ ചെയ്തിരുന്നു. അതേസമയം, വോട്ടിനെതിരെ യു.എൻ ചാർട്ടറിന്റെ പകർപ്പ് കീറിയെറിഞ്ഞ് ഇസ്രയേല്‍ അംബാസഡർ ഗിലാഡ് എർദാൻ പ്രതിഷേധിച്ചു. പ്രമേയം യു.എൻ ചാർട്ടറിന്റെ ലംഘനമാണെന്നും ഭീകര രാഷ്ട്രം സ്ഥാപിക്കാൻ യു.എൻ അംഗങ്ങള്‍ ആഗ്രഹിക്കുന്നത് ലജ്ജാകരമാണെന്നും എർദാൻ പ്രതികരിച്ചു.


പാലസ്തീൻ ജനതയുടെ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും ഒപ്പമാണ് ലോകജനതയെന്നും പ്രമേയം പാസായത് അതിന് തെളിവാണെന്നും പാലസ്തീൻ പ്രസിഡമന്‍റ് മഹ്മൂദ് അബ്ബാസ് വ്യക്തമാക്കി.


അതേസമയം, തെക്കൻ ഗാസയിലെ റാഫയില്‍ ഇസ്രയേല്‍ ആക്രമണവും ജനങ്ങളുടെ പലായനവും തുടരുകയാണ്. ഇതുവരെ 3,00,000 പേർ കിഴക്കൻ റാഫ വിട്ടെന്ന് ഇസ്രയേല്‍ അറിയിച്ചു. റാഫയിലെ മൂന്ന് മേഖലകളിലുള്ളവർ കൂടി ഉടൻ ഒഴിയണമെന്ന് ഇസ്രയേല്‍ നിർദ്ദേശം നല്‍കി. ഇവർ അല്‍ - മവാസി മേഖലയിലേക്ക് പോകണമെന്നാണ് നിർദ്ദേശം. ഗാസ സിറ്റിയുടെ ചില ഭാഗങ്ങളിലുള്ളവർ പടിഞ്ഞാറൻ മേഖലയിലുള്ള ക്യാമ്ബുകളിലേക്ക് ഒഴിയണമെന്നും നിർദ്ദേശമുണ്ട്. ഇതിനിടെ, ഗാസയിലെ മരണസംഖ്യ 34,970 കടന്നു.


ഗാസ യുദ്ധത്തിനിടെ തങ്ങള്‍ നല്‍കിയ ആയുധങ്ങള്‍ ഇസ്രയേല്‍ അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ക്ക് വിരുദ്ധമായി ഉപയോഗിച്ചിരിക്കാമെന്ന് യു.എസ്. വിലയിരുത്തല്‍ ആവശ്യമാണെന്നും നിലവില്‍ പൂർണമായ വിവരങ്ങള്‍ ഇല്ലാത്തതിനാല്‍ കയറ്റുമതി തുടരുമെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. റാഫയില്‍ അധിനിവേശം നടത്തിയാല്‍ ഇസ്രയേലിന് ആയുധങ്ങള്‍ നല്‍കില്ലെന്ന പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് യു.എസിന്റെ പ്രതികരണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K