15 May, 2024 10:37:57 AM
ഗാസയില്‍ യുഎന്‍ ഉദ്യോഗസ്ഥനായ ഇന്ത്യാക്കാരന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു
ഗാസ: ഗാസയില്‍ ഇന്ത്യാക്കാരന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. യുണൈറ്റഡ് നേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റിയിലെ (ഡിഎസ്എസ്) സ്റ്റാഫ് അംഗമാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹം ഇന്ത്യന്‍ ആര്‍മി മുന്‍ ഉദ്യോഗസ്ഥനായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട ഇന്ത്യാക്കാരന്റെ പേരുവിവരങ്ങള്‍ യുഎന്‍ പുറത്തു വിട്ടിട്ടില്ല.
റാഫയില്‍ വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേര്‍ക്ക് ആക്രമണം ഉണ്ടാകുകയായിരുന്നു. റാഫയിലെ യൂറോപ്യന്‍ ഹോസ്പിറ്റലിലേക്ക് പോകുകയായിരുന്നു യുഎന്‍ സംഘം. ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ഗാസയില്‍ കൊല്ലപ്പെടുന്ന ആദ്യ യുഎന്‍ സ്റ്റാഫ് അംഗമാണ്.
സംഭവത്തില്‍ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ദുഃഖം രേഖപ്പെടുത്തി. യുഎന്‍ സംഘത്തിനു നേര്‍ക്കുണ്ടായ ആക്രമണത്തെ അപലപിച്ച ഗുട്ടെറസ്, ആക്രമണത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തരമായി വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും, യുഎന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടു.