23 May, 2024 06:47:00 AM
തായ്ലൻഡിൽ വിനോദയാത്രയ്ക്ക് എത്തിയ മുംബൈ മലയാളി വെടിയേറ്റു മരിച്ചു
ബാങ്കോക്ക്: തായ്ലൻഡിൽ വിനോദയാത്രയ്ക്കു എത്തിയ മുംബൈ മലയാളി വെടിയേറ്റു മരിച്ചതായി വിവരം. മലയാറ്റൂർ കാടപ്പാറ സ്വദേശി കാടപ്പറമ്പൻ വർഗീസാണ് (65) മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. സഞ്ചാരത്തിനിടെ വർഗീസിനു നേർക്കു മോഷണശ്രമം നടന്നുവെന്നും അതിനെ ചെറുക്കുന്നതിനിടെ വർഗീസിനെ മോഷ്‌ടാക്കൾ വെടിവച്ചു വീഴ്ത്തിയെന്നുമാണു ലഭിച്ച വിവരം.
സംഭവവുമായി ബന്ധപ്പെട്ട് 2 പേരെ തായ്ലൻഡ് പൊലീസ് അറസ്‌റ്റ് ചെയ്തിട്ടുണ്ടെന്നും വിവരം ലഭിച്ചു. വർഗീസിൻ്റെ പക്കൽ നിന്ന് പണം അടക്കം മോഷണം പോയിട്ടുണ്ട്. ഒരു മാസം മുൻപാണ് വർഗീസ് തായ്‌ലൻഡിൽ വിനോദയാത്രക്കായി എത്തിയത്. 30 വർഷമായി മുംബൈയിലാണ് കുടുംബസമേതം താമസിക്കുന്നത്. ഭാര്യയും 2 പെൺമക്കളുമുണ്ട്.