31 May, 2024 08:49:08 AM
'മുഖ്യമന്ത്രിയുടെ മകളുമായി ബന്ധമില്ല'; വിശദീകരണവുമായി ദുബായിലെ എക്സാലോജിക്ക് കണ്‍സള്‍ട്ടിങ് കമ്പനി
ദുബായ്: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയന്റെ എക്സാലോജിക് സൊല്യൂഷൻസുമായി ബന്ധമില്ലെന്നു വ്യക്തമാക്കി ദുബായിലെ എക്സാലോജിക് കൺസൾട്ടിങ് കമ്പനി. കമ്പനി സഹ സ്ഥാപകരായ സസൂൺ സാദിഖ്, നവീൻ കുമാർ എന്നിവരാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കി രംഗത്തെത്തിയത്. എസ്എൻസി ലാവ്‍ലിൻ, പിഡബ്ല്യുസി കമ്പനികളുമായി ബിസിനസ് ബന്ധമില്ലെന്നും ഇരുവരും വ്യക്തമാക്കി. എക്സാലോജിക് സൊല്യൂഷൻസ് എന്ന കമ്പനി യുഎഇയിൽ പ്രവർത്തിക്കുന്നില്ലെന്നും ഇരുവരും പറഞ്ഞു.
ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് തങ്ങളുടെ എക്സാലോജിക് കൺസൾട്ടിങ് കമ്പനി. പേ റോളിലോ, മറ്റേതെങ്കിലും സ്ഥാനത്തോ വീണ വിജയൻ, എം സുനീഷ് എന്നിവർ ഇല്ല. യുഎഇ, സൗദി ആറേബ്യ, ബ്രിട്ടൻ, ഇന്ത്യ എന്നിവിടങ്ങളിൽ തങ്ങളുടെ കമ്പനി പ്രവർത്തിക്കുന്നു. ഇന്ത്യയിൽ ബംഗളൂരുവിലാണ് കമ്പനിക്ക് ബിസിനസ് ഉള്ളത്.
400 ജീവനക്കാരുള്ള കമ്പനിയാണിത്. കമ്പനിക്ക് യുഎഇയിൽ മൂന്ന് ഓഫീസുകളുണ്ട്. 2013ൽ ഷാർജയിലാണ് ആദ്യത്തെ ഓഫീസ് ആരംഭിച്ചത്. തങ്ങൾ സർക്കാരുമായി ബന്ധപ്പെട്ട കരാറുകൾ ഏറ്റെടുത്തിട്ടില്ലെന്നും ഇരുവരും വിശദീകരിച്ചു. ആറ് മാസമായി വിവാദത്തെക്കുറിച്ച് തങ്ങൾക്ക് ധാരണയുണ്ട്. നിയമ നടപടികൾ സംബന്ധിച്ചു ഇപ്പോൾ ആലോചിച്ചിട്ടില്ലെന്നും ഇരുവരും വ്യക്തമാക്കി.
വീണ വിജയന്റെ എക്സാലോജിക് കമ്പനിയുടെ അബുദാബിയിലെ കൊമേഴ്സ്യൽ ബാങ്ക് അക്കൗണ്ടിലൂടെ കോടികളുടെ ഇടപാട് നടന്നുവെന്ന ആരോപണവുമായി ബിജെപി നേതാവ് ഷോൺ ജോർജ് രംഗത്തെത്തിയിരുന്നു. അബുദാബി കൊമേഴ്സ്യൽ ബാങ്കിൽ എക്സാലോജിക് കൺസൾട്ടിങ്, മീഡിയ സിറ്റി, യുഎഇ എന്ന മേൽവിലാസത്തിലാണ് അക്കൗണ്ടെന്നായിരുന്നു അദ്ദേഹം ആരോപിച്ചത്. വീണയും മുൻ ബന്ധു എം സുനീഷുമാണ് അക്കൗണ്ട് ഉടമകളെന്നും ഷോൺ ആരോപിച്ചിരുന്നു.