31 May, 2024 09:43:55 AM
ഡൊണാള്‍ഡ് ട്രംപ് 34 കേസുകളില്‍ കുറ്റക്കാരന്‍; ശിക്ഷാവിധി ജൂലൈ 11ന്
ന്യൂയോര്‍ക്ക്: പോണ്‍ താരം സ്‌റ്റോമി ഡാനിയേല്‍സുമായുള്ള ലൈംഗികബന്ധം മറച്ചുവെക്കാന്‍ പണം നല്‍കിയെന്നും ഇതിനായി ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടിയെന്നുമുള്ള കേസില്‍ യു.എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. ന്യൂയോര്‍ക്ക് ജ്യൂറിയുടേതാണ് കണ്ടെത്തല്‍. കൃത്രിമം കാട്ടിയെന്ന് ആരോപിക്കപ്പെട്ട 34-എണ്ണത്തിലും കുറ്റക്കാരനാണെന്നാണ് കണ്ടെത്തല്‍. ജൂലൈ 11-നാണ് ശിക്ഷ വിധിക്കുക.
നേരത്തേ യു.എസ്. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി 2006-ലുണ്ടായ ലൈംഗികസമാഗമം വിശദമായി കോടതിയിൽ സ്റ്റോമി ഡാനിയൽസ് വിവരിച്ചിരുന്നു. സ്റ്റോമിയുമായുള്ള ഈ ബന്ധം മറച്ചുവെക്കാൻ 2016-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കവേ ട്രംപ് 1.30 ലക്ഷം ഡോളർ സ്റ്റോമിക്കു നൽകിയെന്നും ഇതിനായി ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടി എന്നുമാണ് കേസ്.
ന്യൂയോർക്കിലെ കോടതിയിൽ ഹാജരായ സ്റ്റോമി, 2006-ൽ ലേക്ക് ടാഹോയിലെ ഗോൾഫ് മത്സരവേദിയിലാണ് ട്രംപിനെ കണ്ടുമുട്ടിയതെന്നും വിരുന്നിനുള്ള അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചെന്നും സ്റ്റോമി പറഞ്ഞിരുന്നു. അന്ന് റിയൽ എസ്റ്റേറ്റ് രംഗത്തായിരുന്ന ട്രംപ് 'ദ അപ്രന്റിസ്' എന്ന റിയാലിറ്റി ഷോയുടെ അവതാരകനായിരുന്നു. അതിൽ അവസരം നൽകാമെന്നു വാഗ്ദാനംചെയ്ത് താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു. എന്നാൽ, വാഗ്ദാനം പാലിക്കപ്പെടില്ലെന്നു മനസ്സിലായതോടെ താൻ ട്രംപുമായുള്ള ബന്ധം ഉപേക്ഷിച്ചു.