03 June, 2024 09:05:12 AM
പോർച്ചുഗൽ എയർ ഷോയ്ക്കിടെ വിമാനങ്ങൾ കൂട്ടിയിടിച്ചു; പൈലറ്റിന് ദാരുണാന്ത്യം
ലിസ്ബൺ: തെക്കൻ പോർച്ചുഗലിൽ എയർ ഷോയ്ക്കിടെ രണ്ട് വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പൈലറ്റുമാരിൽ ഒരാൾ കൊല്ലപ്പെട്ടതായി പോർച്ചുഗീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്നലെ വൈകിട്ട് 4:05 നായിരുന്നു സംഭവം. പോർച്ചുഗലിലെ ബെജ എയർ ഷോയിൽ ആറ് വിമാനങ്ങൾ ഉൾപ്പെടുന്ന വ്യോമ പ്രകടനമാണ് നടന്നത്. ഇതിലുൾപ്പെട്ട രണ്ട് വിമാനങ്ങളാണ് കൂട്ടിയിടിക്കുന്നത്. സംഭവം ഖേദകരമെന്ന് വ്യോമസേനയുടെ ഔദ്യോഗിക കുറിപ്പിൽ അറിയിച്ചു.
സോവിയറ്റ് രൂപകല്പന ചെയ്ത എയറോബാറ്റിക് പരിശീലന മോഡലായ രണ്ട് യാക്കോവ്ലെവ് യാക്ക് -52 വിമാനങ്ങളാണിത്. ബെജ വിമാനത്താവളത്തിൽ അടിയന്തര സേവനങ്ങൾ ഉണ്ടായിരുന്നുവെന്നും അപകടം നടന്നതിന് പിന്നാലെ പരിപാടി താത്ക്കാലികമായി നിർത്തിയതായും വ്യോമസേന അറിയിച്ചു.
എയർ ഷോയ്ക്കിടെ വിമാനങ്ങൾ കൂട്ടിയിടിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചാരം നേടുന്നുണ്ട്. ഷോയിൽ പങ്കെടുത്ത ആറ് ചെറു വിമാനങ്ങളും യാക് സ്റ്റാഴ്സ് എന്ന ഈ എയറോബാറ്റിക് ഗ്രൂപ്പിൻ്റെ ഭാഗമാണെന്നാണ് പത്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മാത്രമല്ല, തെക്കൻ യൂറോപ്പിലെ ഏറ്റവും വലിയ സിവിൽ എയറോബാറ്റിക്സ് ഗ്രൂപ്പാണ് ഇത്.