10 June, 2024 10:01:10 AM


ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ പാര്‍ലമെന്‍റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു



പാരീസ്: പാര്‍ലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. യൂറോപ്യന്‍ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷ സഖ്യം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. ലോവര്‍ ഹൗസ് നാഷണല്‍ അസംബ്ലിയിലേക്കുള്ള ആദ്യ റൗണ്ട് തിരഞ്ഞെടുപ്പുകള്‍ ജൂണ്‍ 30 നും രണ്ടാം റൗണ്ട് ജൂലൈ 7 നും നടക്കുമെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് മാക്രോണ്‍ പറഞ്ഞു.

'തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍... ഭൂഖണ്ഡത്തില്‍ എല്ലായിടത്തും മുന്നേറുകയാണ്. എനിക്ക് സ്വയം രാജിവെക്കാന്‍ കഴിയാത്ത സാഹചര്യമാണിത്. അതിനാല്‍ തിരഞ്ഞെടുക്കാനുള്ള അവകാശം നിങ്ങള്‍ക്ക് തരുന്നു. ഞാന്‍ ഇന്ന് രാത്രി ദേശീയ അസംബ്ലി പിരിച്ചുവിടും. ഈ തീരുമാനം ഗൗരവമേറിയതും ഭാരമേറിയതുമാണ്. പക്ഷേ ഇത് ആത്മവിശ്വാസത്തിന്റെ പ്രതിഫലനം കൂടിയാണ്,' മാക്രോണ്‍ പറഞ്ഞു.

ഭാവി തലമുറകള്‍ക്ക് വേണ്ടി ഏറ്റവും മികച്ച തിരഞ്ഞെടുപ്പ് നടത്താനുള്ള ഫ്രഞ്ച് ജനതയുടെ കഴിവില്‍ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ രാത്രിയോടെ തന്നെ മാക്രോണ്‍ ദേശീയ അസംബ്ലി പിരിച്ചുവിട്ടു. യൂറോപ്യന്‍ യൂണിയന്‍ തിരഞ്ഞെടുപ്പിന്റെ ഫലം, 'യൂറോപ്പിനെ പ്രതിരോധിക്കുന്ന പാര്‍ട്ടികള്‍ക്ക് നല്ല ഫലമല്ല' എന്ന് ഇമ്മാനുവല്‍ മാക്രോണ്‍ സമ്മതിച്ചു.

ഫ്രാന്‍സിലെ യൂറോപ്യന്‍ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ നാഷണല്‍ റാലി (ആര്‍എന്‍) ഉള്‍പ്പെടെ രാജ്യത്തെ തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ക്ക് ഏകദേശം 40 ശതമാനം വോട്ട് നേടാന്‍ കഴിഞ്ഞു. മറൈന്‍ ലെ പെന്നിന്റെ തീവ്ര വലതുപക്ഷപ പാര്‍ട്ടിയായ നാഷണല്‍ റാലി 28 കാരനായ ജോര്‍ദാന്‍ ബാര്‍ഡെല്ലയുടെ നേതൃത്വത്തില്‍ ഏകദേശം 32 ശതമാനം വോട്ടുകളാണ് നേടിയത്. ആദ്യ എക്‌സിറ്റ് പോള്‍ പ്രകാരം മാക്രോണിന്റെ പാര്‍ട്ടി നേടിയത് 15 ശതമാനം മാത്രമാണ്.

സോഷ്യലിസ്റ്റുകള്‍ 14 ശതമാനം വോട്ടും നേടി. 2019 ലെ കഴിഞ്ഞ യൂറോപ്യന്‍ യൂണിയന്‍ തിരഞ്ഞെടുപ്പിനേക്കാള്‍ മികച്ച പ്രകടനാണ് നാഷണല്‍ റാലി നടത്തിയത്. കാലാവധി അവസാനിക്കാന്‍ മൂന്ന് വര്‍ഷം മാത്രം ശേഷിക്കെ മാക്രോണിന്റെ അധികാരത്തെ ദുര്‍ബലപ്പെടുത്തുന്നതാണ് ആര്‍എന്നിന്റെ വിജയം. കൂടാതെ എലിസി പാലസ് വിജയിക്കാനുള്ള തന്റെ എക്കാലത്തെയും മികച്ച അവസരമുണ്ടെന്ന് ആര്‍എന്‍ തലവന്‍ മറൈന്‍ ലെ പെന്‍ കരുതുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K