11 June, 2024 09:36:30 AM


മലാവി വൈസ് പ്രസിഡൻ്റ് സഞ്ചരിച്ച വിമാനം കാണാതായി



ലോങ്‌വേ: ആഫ്രിക്കൻ രാജ്യമായ മലാവിയുടെ വൈസ് പ്രസിഡൻ്റ് സോലോസ് ചിലിമി സഞ്ചരിച്ച സൈനിക വിമാനം കാണാതായി. വിമാനത്തിൽ വൈസ് പ്രസിഡന്റിനെ കൂടാതെ ഒൻപത് ഉന്നത ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു എന്നാണ് വിവരം. വിമാനത്തിനായുള്ള തെരച്ചിൽ പുരോഗമിച്ച് വരികയാണ്.

പ്രാദേശിക സമയം രാവിലെ 9:00 ന് ശേഷമാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. തലസ്ഥാനമായ ലോങ്‌വേയിൽ നിന്ന് പുറപ്പെട്ടെ വിമാനം ലക്ഷ്യസ്ഥാനത്ത് എത്തിയില്ലെന്നാണ് വിവരം. റഡാറിൽ നിന്ന് വിമാനം കാണാതായത് മുതൽ വിമാനവുമായി ബന്ധപ്പെടാനുള്ള വ്യോമയാന അധികൃതരുടെ എല്ലാ ശ്രമങ്ങളും ഇതുവരെ പരാജയപ്പെട്ടതായി മലാവി പ്രസിഡൻ്റ് അറിയിച്ചു. വ്യോമയാന ഉദ്യോഗസ്ഥർക്ക് വിമാനവുമായി ബന്ധപ്പെടാൻ കഴിയാതിരുന്നതിനെ തുടർന്ന് തിരച്ചിൽ നടത്താൻ പ്രസിഡൻ്റ് ഉത്തരവിടുകയായിരുന്നു.

പത്തരയോടെ മലാവിയുടെ വടക്കൻ മേഖലയിലുള്ള മസുസുവിലെ വിമാനത്താവളത്തിലായിരുന്നു വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത്. വൈസ് പ്രസിഡൻ്റ് സോലോസ് ചിലിമയുടെ ഭാര്യ മേരിയും ചിലിമയുടെ രാഷ്ട്രീയ പാർട്ടിയായ യുണൈറ്റഡ് ട്രാൻസ്ഫോർമേഷൻ മൂവ്‌മെന്റിലെ നേതാക്കളും അടക്കമുള്ളവരാണ് കാണാതായ വിമാനത്തിലുള്ളത്. മൂന്ന് ദിവസം മുമ്പ് അന്തരിച്ച മുൻ കാബിനറ്റ് മന്ത്രി റാൽഫ് കസംബരയുടെ സംസ്‌കാര ചടങ്ങിൽ സർക്കാരിനെ പ്രതിനിധീകരിക്കാൻ പുറപ്പെട്ടതായിരുന്നു സംഘം. 2014 മുതൽ മലാവിയുടെ വൈസ് പ്രസിഡൻ്റാണ് ചിലിമ. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K