15 June, 2024 06:51:11 AM
ജോലി ചെയ്യാതെ ബാങ്കിനെ കബളിപ്പിച്ച ഒരു ഡസനിലധികം ജീവനക്കാരുടെ ജോലി തെറിച്ചു
സാന്‍ ഫ്രാന്‍സിസ്‌കോ: ജോലി ചെയ്യാതെ ബാങ്കിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച ഒരു ഡസനിലധികം ജീവനക്കാരുടെ കള്ളത്തരം കയ്യോടെ പിടികൂടി ബാങ്ക്. അമേരിക്കയിലെ മൂന്നാമത്തെ വലിയ ബാങ്കായ വെല്‍സ് ഫാര്‍ഗോയാണ് തങ്ങളുടെ ജീവനക്കാരുടെ തട്ടിപ്പ് കയ്യോടെ പിടികൂടിയത്.
ജീവനക്കാര്‍ തങ്ങളുടെ ജോലികള്‍ ആത്മാര്‍ത്ഥമായി ചെയ്യുന്നതിനുപകരം അവരുടെ കീബോര്‍ഡില്‍ ചില സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തി ജോലി ചെയ്യുന്നതായി നടിക്കുകയായിരുന്നു. കള്ളത്തരം കയ്യോടെ പിടികൂടിയ ബാങ്ക് ഒരു ഡസനിലധികം ജീവനക്കാരെ പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ട്.
വെല്‍സ് ഫാര്‍ഗോയുടെ വെല്‍ത്ത് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റ് യൂണിറ്റുകളിലെ ഒരു ഡസന്‍ ജീവനക്കാര്‍ക്കാണ് പണിതെറിച്ചത്. ജീവനക്കാരുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അവലോകനം ചെയ്തതിന് ശേഷമാണ് ഇവരെ പിരിച്ചുവിട്ടതെന്ന് ബാങ്ക് വ്യക്തമാക്കി.
വെല്‍സ് ഫാര്‍ഗോ തങ്ങളുടെ ജീവനക്കാര്‍ക്ക് ഏറ്റവും മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷമാണ് ഒരുക്കുന്നതെന്നും ജീവനക്കാരുടെ അധാര്‍മ്മിക പെരുമാറ്റം വച്ചുപൊറുപ്പിക്കില്ലെന്നും കമ്ബനി വക്താവ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. ജീവനക്കാരുടെ കീബോര്‍ഡ് തട്ടിപ്പ് എങ്ങനെയാണ് കണ്ടെത്തിയതെന്ന് വെല്‍സ് ഫാര്‍ഗോ വെളിപ്പെടുത്തിയിട്ടില്ല.