18 June, 2024 08:56:48 AM
ഇറ്റലി തീരത്ത് രണ്ട് ബോട്ട് അപകടങ്ങളിൽ 11 മരണം; 64 പേരെ കാണാതായെന്ന് റിപ്പോർട്ട്
റോം: ഇറ്റലിയിൽ കുടിയേറ്റക്കാർ യാത്ര ചെയ്തിരുന്ന ബോട്ടുകൾ അപകടത്തിൽപ്പെട്ടു. രണ്ട് വ്യത്യസ്ത അപകടങ്ങളിലായി 11 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 64 പേരെ കടലിൽ കാണാതായി. ഇറ്റാലിയൻ ദ്വീപായ ലാംപെഡൂസയ്ക്ക് സമീപം തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു ആദ്യത്തെ അപകടം. ലിബിയയിൽനിന്ന് കുടിയേറ്റക്കാരുമായി പുറപ്പെട്ട ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഈ ബോട്ടിൽനിന്ന് 10 മൃതദേഹങ്ങൾ കണ്ടെത്തിയതായി ജർമൻ രക്ഷാപ്രവർത്തകസംഘമായ റെസ്ക്യൂഷിപ്പ് അറിയിച്ചു. 51 പേരെ ബോട്ടിൽനിന്ന് രക്ഷപ്പെടുത്തിയതായും ഇവർ എക്സിൽ കുറിച്ചു.
സിറിയ, ഈജിപ്റ്റ്, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരായിരുന്നു ബോട്ടിലുണ്ടായിരുന്നതെന്ന് യു.എൻ.എച്ച്.സി.ആർ. അറിയിച്ചു. അപകടത്തിൽനിന്ന് രക്ഷപ്പെട്ടവരെ ഇറ്റാലിയൻ കോസ്റ്റ് ഗാർഡിന് കൈമാറി. അതേദിവസം, നടന്ന മറ്റൊരു അപകടത്തിൽ 60-ലധികം പേരെ കാണാതായതായും റിപ്പോർട്ടുണ്ട്. തെക്കൻ ഇറ്റലിയിലെ കാലാബ്രിയൻ തീരത്തുനിന്ന് 100 മൈൽ അകലെയായിരുന്നു ഈ അപകടം. കടലിൽ കാണായവരിൽ 24 പേർ കുട്ടികളാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. തുർക്കിയിൽനിന്ന് പുറപ്പെട്ട കപ്പലാണിതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 2014 മുതൽ 23,500-ലധികം കുടിയേറ്റക്കാർ കടലിൽ വീണ് മരിക്കുകയോ കാണാതാകുകയോ ചെയ്തതായാണ് യു.എൻ പുറവിടുന്ന കണക്ക്.