19 June, 2024 09:29:03 AM


തീപിടിത്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 12.5 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ച് കുവൈത്ത് സര്‍ക്കാര്‍



കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗെഫിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 15,000 ഡോളര്‍ (ഏകദേശം 12.5 ലക്ഷം രൂപ) വീതം സഹായധനം നല്‍കാന്‍ കുവൈത്ത് സര്‍ക്കാര്‍. തുക അതത് എംബസികള്‍വഴിയാകും വിതരണം ചെയ്യുക. പ്രാദേശിക അറബ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കാന്‍ കുവൈത്ത് അമീര്‍ ശൈഖ് മിഷേല്‍ അല്‍ അഹമ്മദ് സംഭവദിവസംതന്നെ ഉത്തരവിട്ടിരുന്നു. എന്നാല്‍, തുക എത്രയാണെന്ന് അറിയിച്ചിരുന്നില്ല. ഇന്ത്യക്കാരടക്കം 50 പേരാണ് ദുരന്തത്തില്‍ മരിച്ചത്. ഇതില്‍ 24 പേര്‍ മലയാളികളാണ്.

തെക്കന്‍ കുവൈത്തിലെ മംഗഫില്‍ വിദേശ തൊഴിലാളികള്‍ താമസിക്കുന്ന മേഖലയിലെ ആറു നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. അപകട സമയത്ത് കെട്ടിടത്തില്‍ 176 പേര്‍ ഉണ്ടായിരുന്നു. മലയാളി വ്യവസായിയുടെ ഉടമസ്ഥതയിലുള്ള കമ്പനി ജീവനക്കാരുടെ ഫ്‌ലാറ്റില്‍ 12ന് പുലര്‍ച്ചെ നാലിനാണ് തീപിടിത്തമുണ്ടായത്.

തൊഴിലാളികള്‍ ഉറക്കത്തിലായിരുന്നത് അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു. പുക ശ്വസിച്ചാണ് കൂടുതല്‍ പേരും മരിച്ചത്. സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലുണ്ടായ ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അപകട കാരണം. സംഭവത്തിന് പിന്നാലെ കെട്ടിട ഉടമയെയും സുരക്ഷാ ജീവനക്കാരനെയും അറസ്റ്റ് ചെയ്തിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K