05 July, 2024 10:44:56 AM
ബ്രിട്ടണില്‍ ഋഷി സുനകിന് തിരിച്ചടി; ലേബര്‍ പാര്‍ട്ടി അധികാരത്തിലേക്ക്
ലണ്ടൻ: ബ്രിട്ടീഷ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി കേവലഭൂരിപക്ഷം നേടി. ഇതോടെ ലേബർ പാർട്ടി നേതാവ് കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായി. എക്‌സിറ്റ് പോള്‍ ഫലങ്ങളെ ശരിവെയ്ക്കുന്ന വിധമാണ് ലേബര്‍ പാര്‍ട്ടിയുടെ മുന്നേറ്റം. രാവിലെ 9.30ന് പുറത്ത് വന്ന വിവരങ്ങള്‍ പ്രകാരം ലേബർ പാർട്ടി കേവല ഭൂരിപക്ഷത്തിന് ആവശ്യമായതിലും എട്ട് സീറ്റുകൾ ഇതിനകം നേടിക്കഴിഞ്ഞു. ഏറ്റവും പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 338 സീറ്റുകളിൽ ലേബര്‍ പാര്‍ട്ടി വിജയിച്ചിട്ടുണ്ട്. കേവലഭൂരിപക്ഷത്തിനും സര്‍ക്കാര്‍ രൂപീകരിക്കുന്നതിനും വേണ്ടത് 326 സീറ്റുകളാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 73 സീറ്റുകളില്‍ വിജയിച്ചു. സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാര്‍ട്ടി 4, ലിബറല്‍ ഡമോക്രാറ്റുകള്‍ 46, റിഫോം യുകെ 4, മറ്റുള്ളവര്‍ 6, പ്ലെയ്ഡ് സ്മിഡു 4, ഗ്രീന്‍സ് 1, ഡിയുപി 2 എന്നിങ്ങനെയാണ് നിലവിലെ കക്ഷി നില. കൺസർവേറ്റീവ് പാർട്ടിയുടെ പരാജയം ഉറപ്പിക്കുന്ന പ്രതികരണവുമായി പ്രധാനമന്ത്രി ഋഷി സുനക് രംഗത്ത് വന്നിട്ടുണ്ട്. പരാജയത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നായിരുന്നു ഋഷി സുനകിൻ്റെ പ്രതികരണം.
ലേബര്‍ പാര്‍ട്ടി നേതാവ് കെയ്ർ സ്റ്റാർമർ ഹോള്‍ബോണ്‍ ആന്‍ഡ് സെന്റ് പാന്‍ക്രാസില്‍ നിന്നും വിജയിച്ചു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തിരിച്ചടി നേരിടുമ്പോഴും പ്രധാനമന്ത്രി ഋഷി സുനക് റിച്ച്മൗണ്ട് ആന്‍ഡ് നോര്‍ത്താലര്‍ട്ടണില്‍ വിജയിച്ചിട്ടുണ്ട്. ലിബറല്‍ ഡെമോക്രാറ്റ് നേതാവ് എഡ് ഡാവി വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചു.യുകെയിലെ ജനങ്ങൾ മാറ്റത്തിനായി വോട്ട് ചെയ്തെന്ന് ലേബർ പാർട്ടി നേതാവ് കെയ്ർ സ്റ്റാർമർ പറഞ്ഞു.
നേരത്തെ പുറത്ത് വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ 14 വര്‍ഷമായി അധികാരത്തിലിരിക്കുന്ന പ്രധാനമന്ത്രി ഋഷി സുനകിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ തിരിച്ചടി പ്രവചിക്കുന്നതാണ്. എക്‌സിറ്റ് പോള്‍ സൂചനകള്‍ പ്രകാരം ലേബര്‍ പാര്‍ട്ടി 410 സീറ്റുകളോടെ അധികാരത്തിലെത്തും. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അഭിപ്രായ വോട്ടെടുപ്പിലെ ഫലസൂചനകളെക്കാള്‍ പ്രകടനം മെച്ചപ്പെടുത്തി 131 സീറ്റുകള്‍ നേടുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ലിബറല്‍ ഡമോക്രാറ്റുകള്‍ 61, സ്‌കോട്ടിഷ് നീഷണിലിസ്റ്റ് പാര്‍ട്ടി 10, റിഫോം യുകെ 13, പ്ലെയ്ഡ് സ്മിഡു 4, ഗ്രീന്‍സ് 2 എന്നിങ്ങനെയാണ് എക്‌സിറ്റ് പോള്‍ പ്രകാരമുള്ള കക്ഷിനില.
14 വർഷത്തെ കൺസർവേറ്റിവ് പാർട്ടി ഭരണത്തിന് അന്ത്യം കുറിക്കുമെന്ന് നേരത്തെ അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങളും പ്രവചിച്ചിരുന്നു. പാർലമെന്റിൽ 650 ൽ 484 സീറ്റ് ലേബർ പാർട്ടി നേടുമെന്നാണ് അഭിപ്രായ വോട്ടെടുപ്പുകൾ പ്രവചിച്ചിരുന്നു. 1997 ൽ ടോണി ബ്ലയർ ആണ് ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടിയിട്ടുള്ളത്. 418 സീറ്റാണ് അന്ന് ടോണി ബ്ലെയറിന്റെ ലേബർ പാർട്ടി സ്വന്തമാക്കിയത്. ഇതിലും വലിയ വിജയമാണ് സ്റ്റാമറിനെ കാത്തിരിക്കുന്നതെന്നാണ് അഭിപ്രായ വോട്ടെടുപ്പുകൾ പ്രവചിച്ചിരുന്നത്. എന്നാൽ കൺസർവേറ്റീവ് പാർട്ടിയെ കാത്തിരിക്കുന്നത് 1834 ൽ പാർട്ടി നിലവിൽ വന്നതിന് ശേഷം നേരിടാൻ പോകുന്ന കനത്ത പരാജയമായിരിക്കുമെന്നും പ്രവചനമുണ്ടായിരുന്നു. 64 സീറ്റിന്റെ മാത്രം വിജയമാണ് കൺസർവേറ്റുകൾക്ക് ലഭിക്കുകയെന്നായിരുന്നു അഭിപ്രായ വോട്ടെടുപ്പുകൾ പ്രവചിച്ചിരുന്നത്.