09 July, 2024 11:13:00 AM
മോദി-പുടിന്‍ ചർച്ച: റഷ്യന്‍ സൈന്യത്തില്‍ അകപ്പെട്ട ഇന്ത്യക്കാരെ വിട്ടയയ്ക്കാൻ ധാരണ
മോസ്‌കോ: റഷ്യ- യുക്രൈന്‍ പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. ചര്‍ച്ചകളും നയതന്ത്രവുമാണ് സംഘര്‍ഷം പരിഹരിക്കാനുള്ള മാര്‍ഗം. യുദ്ധം കൊണ്ട് ഒരു പരിഹാരവും ഉണ്ടാകില്ല. പരമാധികാരവും രാജ്യാതിര്‍ത്തികളും സംബന്ധിച്ച യുഎന്‍ ചാര്‍ട്ടര്‍ മാനിക്കണമെന്നതാണ് ഇന്ത്യയുടെ നിലപാടെന്നും നരേന്ദ്രമോദി വ്യക്തമാക്കി. യുക്രൈനുമായിട്ടുള്ള യുദ്ധം തുടങ്ങിയ ശേഷം നരേന്ദ്രമോദി നടത്തുന്ന ആദ്യ റഷ്യന്‍ സന്ദര്‍ശനമാണിത്.
റഷ്യന്‍ സൈന്യത്തിലേക്ക് അനധികൃതമായി റിക്രൂട്ട് ചെയ്യപ്പെട്ട ഇന്ത്യക്കാരെ വിട്ടയക്കുമെന്ന് പ്രസിഡന്റ് വ്ലാദിമിർ പുടിന്‍ നരേന്ദ്ര മോദിക്ക് ഉറപ്പുനല്‍കി. റഷ്യന്‍ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയില്‍ നരേന്ദ്രമോദി വിഷയം ഉന്നയിച്ചിരുന്നു. ഇതേത്തുടർന്നാണ് റഷ്യൻ സൈന്യത്തിൽ അകപ്പെട്ട ഇന്ത്യക്കാരെ മോചിപ്പിക്കാൻ ധാരണയായത്. മോസ്‌കോയില്‍ റഷ്യന്‍ പ്രസിഡന്റിന്റെ വസതിയിലാണ് മോദിയും പുടിനും കൂടിക്കാഴ്ച നടത്തിയത്.
വ്യാപാരം, ഊര്‍ജം, പ്രതിരോധം എന്നീ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടിക്കാഴ്ചയില്‍ ചര്‍ച്ചാവിഷയമായി. പത്തുവര്‍ഷംകൊണ്ട് റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധത്തില്‍ വലിയ വളര്‍ച്ചയാണുണ്ടായതെന്നും സമാധാനവും സ്ഥിരതയും പുലര്‍ത്താന്‍ സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും മോദി എക്‌സില്‍ കുറിച്ചു. സ്വീകരിക്കാന്‍ കാള്‍ട്ടണ്‍ ഹോട്ടലിനുപുറത്ത് എത്തിയ ഇന്ത്യന്‍ പ്രവാസി സമൂഹത്തെ മോദി അഭിവാദ്യംചെയ്തു.