05 August, 2024 12:06:22 PM


യാത്രക്കാരിയുടെ മുടിയിൽ പേനുകളെന്ന് പരാതി; വിമാനത്തിന് എമർജൻസി ലാന്‍റിങ്



ന്യൂയോർക്ക്: സഹയാത്രക്കാരിയുടെ മുടിയിൽ പേൻ കണ്ടതിനെ തുടർന്ന് ഒരു യാത്രക്കാരൻ നൽകിയ പരാതിയെ തുടർന്ന് അമേരിക്കൻ എയർലൈൻസ് വിമാനം ഫീനിക്സിൽ അടിയന്തര ലാൻഡിംഗ് നടത്തി. ലൊസാഞ്ചലസിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള അമേരിക്കൻ എയർലൈൻസ് വിമാനമാണ് അരിസോണയിലെ ഫീനിക്സ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കിയത്.

വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ സംഭവം സോഷ്യൽ മീഡിയയിൽ ഇട്ടതോടെയാണ് വൈറലാകുന്നത്. വിമാനം വഴിതിരിച്ചുവിട്ട് മറ്റൊരിടത്ത് ലാന്റ് ചെയ്യുന്നതിനെ സംബന്ധിച്ച് യാത്രക്കാർക്ക് കാര്യമായ വിവരമൊന്നും വിമാന ജീവനക്കാർ നൽകിയില്ലെന്നും ഇത് ആവർക്കിടയിൽ ആശയക്കുഴപ്പത്തിന് ഇടയാക്കിയെന്നും യാത്രക്കാർ പറയുന്നു. വിമാനം ലാന്റ് ചെയ്ത ശേഷം മറ്റ് യാത്രക്കാരുമായും ജീവനക്കാരുമായും സംസാരിച്ചപ്പോഴാണ് വിമാനം അടിയന്തിരമായി നിലത്തിറക്കേണ്ടി വന്നതിന്റെ കാരണം മനസിലായത്.

യാത്രക്കാരിയുടെ അടുത്ത സീറ്റുകളിൽ ഇരിക്കുകയായിരുന്ന രണ്ട് സ്ത്രീകളാണ് ജീവനക്കാരോട് പരാതിപ്പെട്ടത്. തങ്ങളുടെ അടുത്തിരിക്കുന്ന യാത്രക്കാരിയുടെ മുടിയിൽ പേനുകളെ കണ്ടെന്നായിരുന്നു ഇവർ ജീവനക്കാരെ അറിയിച്ചത്. സംഭവം കാരണം 12 മണിക്കൂറാണ് യാത്ര വൈകിയത്. വിമാനം ലാന്റ് ചെയ്ത ശേഷം അമേരിക്കൻ എയർലൈൻസ് അധികൃതർ ഹോട്ടൽ വൗച്ചറുകൾ കൈമാറുകയായിരുന്നു. സംഭവം പിന്നീട് അധികൃതരും സ്ഥിരീകരിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K