05 August, 2024 06:17:38 PM
ബംഗ്ലാദേശില്‍ കലാപം രൂക്ഷം; പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു
ധാക്ക: ബംഗ്ലാദേശില്‍ കലാപം രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു. രാജ്യത്ത് കലാപം കത്തിപ്പടരുന്ന പശ്ചാത്തലത്തിലാണ് ഷെയ്ഖ് ഹസീന രാജിവെച്ചത്. സഹോദരിക്കൊപ്പം ഇവര്‍ രഹസ്യ കേന്ദ്രത്തിലേക്ക് മാറി എന്നാണ് റിപ്പോര്‍ട്ട്. ഷെയ്ഖ് ഹസീന സഹോദരി ഷെയ്ഖ് രഹാനയ്‍ക്കൊപ്പം രാജ്യം വിട്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവര്‍ ഇന്ത്യയില്‍ അഭയം തേടിയെന്നും ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രക്ഷോഭികാരികള്‍ പ്രധാനമന്ത്രിയുടെ വസതി കയ്യടക്കിയെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം, ഷെയ്ക് ഹസീനയ്ക്ക് ഇന്ത്യയിൽ അഭയം നൽകില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഷെയ്ക് ഹസീന ബെലറൂസിലേക്ക് പോയെന്ന് ചില മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് പിന്നാലെ നൂറ് കണക്കിന് പ്രക്ഷോഭകാരികൾ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറി. ഔദ്യോഗിക വസതിയായ ഗനഭബന്‍റെ നിയന്ത്രണം പ്രക്ഷോഭകാരികൾ പിടിച്ചെടുത്തു എന്നാണ് റിപ്പോര്‍ട്ട്. വസതിയില്‍ നിന്ന് വിലപിടിച്ചെല്ലാം ജനക്കൂട്ടം എടുത്തുകൊണ്ട് പോകുകയാണ്. ധാക്കയിൽ ഷെയ്ക് മുജീബുർ റഹ്മാൻ്റെ പ്രതിമ പ്രക്ഷോഭകർ തകർത്തു. പ്രധാനമന്ത്രി രാജിവെച്ചതോടെ ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് സേനാ മേധാവി അറിയിച്ചു. എല്ലാ രാഷ്ട്രീയ പാർട്ടികളെയും ചർച്ചയ്ക്ക് ക്ഷണിച്ചുവെന്ന് പറഞ്ഞ, സേന മേധാവി ജനങ്ങളുടെ പിന്തുണ അഭ്യർത്ഥിച്ചിട്ടുണ്ട്. അക്രമം അവസാനിപ്പിക്കണമെന്നും ഇടക്കാല സർക്കാർ ആവശ്യമായ തീരുമാനങ്ങൾ എടുക്കുമെന്നും സേന മേധാവി വ്യക്തമാക്കി.
ബംഗ്ലാദേശിലെ സംവരണ വിരുദ്ധ സമരത്തില്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം അക്രമാസക്തമായിരുന്നു. ഷെയ്ഖ് ഹസീനയുടെ രാജിക്കായി പ്രതിഷേധക്കാരും അവരെ നേരിടാൻ ഭരണകക്ഷിയായ അവാമി ലീഗ് പ്രവർത്തകരും തെരുവിലിറങ്ങി. ഏറ്റുമുട്ടലില്‍ ഇന്നലെ നൂറോളം പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. നിരവധി പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ 14 പേർ പൊലീസുകാരാണ്. സംഘർഷം നേരിടാൻ ബംഗ്ലാദേശിൽ രാജ്യവ്യാപകമായി അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. സംഘർഷം രൂക്ഷമായതോടെ ഇന്ത്യൻ പൗരൻമാർ ബംഗ്ലാദേശിലേക്ക് യാത്ര ചെയ്യുന്നത് കേന്ദ്ര സർക്കാർ വിലക്കി. അതീവ ജാഗ്രത പാലിക്കാൻ ബംഗ്ലാദേശിലെ ഇന്ത്യൻ പൗരൻമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ത്യാക്കാർക്കായി ഹെൽപ്‌ലൈൻ തുറന്നിട്ടുണ്ട്. നമ്പർ - +8801958383679, +8801958383680, +8801937400591.