07 August, 2024 09:48:55 AM


ബംഗ്ലാദേശിൽ ഇടക്കാല സര്‍ക്കാരിനെ മുഹമ്മദ് യൂനുസ് നയിക്കും



ധാക്ക: ആഭ്യന്തര പ്രക്ഷോഭം രൂക്ഷമായി തുടരുന്ന ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാരിനെ നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് നയിക്കും. സര്‍ക്കാരിലെ മറ്റ് അംഗങ്ങളെ വൈകാതെ തന്നെ തീരുമാനിക്കും. പ്രക്ഷോഭകാരികളുടെ ആവശ്യം കണക്കിലെടുത്ത് സൈനിക നേതൃത്വത്തിലും വ്യാപക അഴിച്ചുപണി ഉണ്ടാവും. നൊബേല്‍ സമ്മാന ജേതാവും സാമ്പത്തിക വിദഗ്ധനുമാണ് മുഹമ്മദ് യൂനുസ്. നേരത്തെ ബംഗ്ലാദേശില്‍ പ്രക്ഷോഭം നയിക്കുന്ന വിദ്യാര്‍ഥികളുടെ ആവശ്യം കണക്കിലെടുത്ത്, രൂപീകരിക്കാന്‍ പോകുന്ന ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായി മുഹമ്മദ് യൂനുസിനെ നിയമിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇടക്കാല സര്‍ക്കാരിന്റെ പ്രധാനമന്ത്രിയായി മുഹമ്മദ് യൂനുസിനെ പ്രസിഡന്റ് നിയമിച്ചതായി പ്രസിഡന്റിന്റെ പ്രസ് സെക്രട്ടറി അറിയിച്ചത്. ബംഗ്ലാദേശില്‍ സര്‍വസമ്മതനാണ് മുഹമ്മദ് യൂനുസ്. അതിനാല്‍ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ വരുന്നത് അംഗീകരിച്ച് പ്രക്ഷോഭകാരികള്‍ പ്രതിഷേധം അവസാനിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 940