07 August, 2024 08:46:55 PM


മുഹമ്മദ് യൂനുസിന്‍റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ നാളെ അധികാരമേല്‍ക്കും



ധാക്ക: ബംഗ്ലാദേശില്‍ നോബല്‍ ജേതാവ് മുഹമ്മദ് യൂനുസ് നേതൃത്വം നല്‍കുന്ന ഇടക്കാല സര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും. ബംഗ്ലാദേശ് സൈനിക മേധാവിയാണ് ഇക്കാര്യം അറിയിച്ചത്. പ്രാദേശിക സമയം രാത്രി എട്ടുമണിക്കായിരിക്കും സത്യപ്രതിജ്ഞാച്ചടങ്ങുകള്‍. നിലവില്‍ പാരീസിലുള്ള യൂനുസ്, വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം ധാക്കയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉപദേശക സമിതിയിൽ പതിനഞ്ച് അം​ഗങ്ങളാകും ഉണ്ടാകുക.

സര്‍ക്കാര്‍ ജോലിയിലെ സംവരണത്തിനെതിരേയുള്ള പ്രതിഷേധം സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമായതോടെയാണ് ഷേഖ് ഹസീനയ്ക്ക് ബംഗ്ലാദേശ് പ്രധാനമന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നത്. രാജിവച്ചശേഷം അഭയം തേടിയെത്തിയ ഷേഖ് ഹസീനയും സഹോദരിയും ഇന്ത്യയിൽ തുടരുകയാണ്. യുകെ അഭയം നൽകുന്നതുവരെ അവർ ഇവിടെ തുടരും.

ബംഗ്ലദേശിലെ കലാപസാഹചര്യം കണക്കിലെടുത്ത് പെട്രാപോളിലെ ഇന്ത്യ–ബംഗ്ലദേശ് അതിർത്തി അടച്ചു. അതിർത്തിക്ക് 500 മീറ്റർ അകലെവച്ച് ആളുകളെ മടക്കി അയയ്ക്കുകയാണ്. അതിർത്തികടന്ന് ബംഗ്ലദേശിലേക്ക് പോയ ഡ്രൈവർമാരെ സൈന്യം തിരിച്ചെത്തിച്ചു. ബംഗ്ലദേശിലേക്കുള്ള എല്ലാ ട്രെയിൻ, ബസ്, വിമാന സർവീസുകളും ഇന്ത്യ ഇന്നലെ തന്നെ നിർത്തിയിരുന്നു.

അതേസമയം, ബംഗ്ലാദേശിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ബംഗ്ലാദേശ്, മ്യാന്‍മര്‍ അതിര്‍ത്തികളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വടക്കു കിഴക്കന്‍ സംസ്ഥാനമായ മിസോറമിലെ ലോണ്‍ഗ്ട്‌ലായി ജില്ലയുടെ അതിര്‍ത്തിയിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അതിര്‍ത്തിയുടെ മൂന്നു കിലോമീറ്റര്‍ പരിധിയില്‍ വൈകിട്ട് ആറുമണി മുതല്‍ രാവിലെ ആറുമണി വരെ ജനങ്ങളുടെ സഞ്ചാരം നിരോധിച്ചിരിക്കുകയാണ്.

2006-ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവാണ് ഡോ. യൂനുസ്. ചെറുകിടസംരംഭങ്ങള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നതിന് 1983-ല്‍ ബംഗ്ലാദേശിലുടനീളം ഗ്രാമീണബാങ്കുകള്‍ സ്ഥാപിച്ചയാളാണ് യൂനുസ്. ഗ്രാമീണബാങ്കിങ്ങിലൂടെ ബംഗ്ലാദേശിന്റെ ദാരിദ്യനിര്‍മാര്‍ജനത്തില്‍ സുപ്രധാന പങ്കുവഹിച്ചതിനാണ് 2006-ല്‍ യൂനുസിന് നൊബേല്‍സമ്മാനം ലഭിച്ചത്. 2008-ല്‍ അധികാരത്തില്‍വന്നശേഷം തൊഴില്‍നിയമം ലംഘിച്ചെന്നതടക്കം ആരോപിച്ച് ഹസീന സര്‍ക്കാര്‍ യൂനുസിനെ നിരന്തരം വേട്ടയാടിയിട്ടുണ്ട്. പല കേസുകളിലും പ്രതി ചേര്‍ക്കുകയും ചെയ്തിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K