08 August, 2024 03:29:38 PM


ജപ്പാനില്‍ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് നൽകി



ടോക്കിയോ: പടിഞ്ഞാറൻ ജപ്പാനിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച തെക്കുപടിഞ്ഞാറൻ ദ്വീപുകളായ ക്യൂഷു, ഷിക്കോകു എന്നിവിടങ്ങളിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. നിചിനാനിൽ നിന്ന് 20 കിലോമീറ്റർ വടക്ക് കിഴക്കായി 25 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രമെന്നാണ് പ്രാഥമിക റിപ്പോർട്ട്.

ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ ചിലയിടങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയതായി അധികൃതർ അറിയിച്ചു. മിയാസാക്കി, കൊച്ചി, ഒയിറ്റ, കഗോഷിമ, എഹിം എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് പബ്ലിക് ബ്രോഡ്‌കാസ്റ്റർ എൻഎച്ച്‌കെ അറിയിച്ചു.

ഹ്യൂഗ-നാഡ കടലിലാണ് ഭൂചലനം റിപ്പോർട്ട് ചെയ്തതെന്ന് ജപ്പാനിലെ ഭൂകമ്പ നിരീക്ഷണ ഏജൻസിയായ NERV വ്യക്തമാക്കി. ഭൂചലനത്തിൻ്റെ ഫലമായി ഒരു മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. തീരപ്രദേശങ്ങൾ, നദികൾ, തടാകങ്ങൾ എന്നിവയ്ക്ക് സമീപം താമസിക്കുന്നവർ ഉടൻ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണമെന്നും അധികൃതർ അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K