09 August, 2024 12:14:03 PM
സ്കൂളുകളിൽ അഭയം തേടിയവർക്കുനേരെ വീണ്ടും ബോംബിട്ട് ഇസ്രായേൽ
ഗസ്സ: ഫലസ്തീൻ അഭയാർഥികളോടുള്ള ക്രൂരത അവസാനിപ്പിക്കാതെ അധിനിവേശ സേന. വീടും വിലപ്പെട്ടതുമെല്ലാം നഷ്ടപ്പെട്ട് സ്കൂളുകളിൽ അഭയം തേടിയവർക്കുനേരെ വീണ്ടും ബോംബിട്ടു. ഗസ്സ സിറ്റിയുടെ കിഴക്കൻ പ്രദേശത്തുള്ള അൽ സഹ്റ സ്കൂളിലും അബ്ദുൽ ഫതാഹ് ഹമൂദ് സ്കൂളിലുമാണ് ബോംബിട്ടത്. 12 പേർ കൊല്ലപ്പെട്ടതായി ഗസ്സ സിവിൽ ഡിഫൻസ് സംഘം അറിയിച്ചു. അൽ സഹ്റ സ്കൂളിൽ ഏഴ് പേരും ഹമൂദ് സ്കൂളിൽ അഞ്ചുപേരുമാണ് കൊല്ലപ്പെട്ടത്. അതേസമയം, ഗസ്സയിലെ ബുറേജ് അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടതായി വഫ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
ഗസ്സയുടെ ഏറ്റവും വലിയ രണ്ടാമത്തെ പട്ടണമായ ഖാൻ യൂനുസിലുള്ളവർക്ക് ഇസ്രായേൽ വീണ്ടും കൂട്ട ഒഴിപ്പിക്കൽ നോട്ടീസ് നൽകി. ഹമാസ് പോരാളികളെ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തുമെന്നാണ് മുന്നറിയിപ്പ്. പത്ത് മാസത്തിനിടെ കര, വ്യോമാക്രമണങ്ങളിൽ കനത്ത നാശം വിതച്ച ശേഷമാണ് ഖാൻ യൂനുസിലേക്ക് ഇസ്രായേൽ സേന തിരിച്ചുവന്നത്. ജൂലൈ ആദ്യത്തിൽ ഖാൻ യൂനുസിൽനിന്ന് ഇസ്രായേൽ സേന കൂട്ട ഒഴിപ്പിക്കൽ നടത്തിയിരുന്നു. ഇസ്രായേൽ ആക്രമണം തുടങ്ങിയ ശേഷം ഗസ്സയിലെ 2.3 ദശലക്ഷം ജനങ്ങൾ പലതവണകളായി പലായനം ചെയ്തിട്ടുണ്ട്. ഭൂരിഭാഗവും അഭയാർഥി ക്യാമ്പുകളിലെ തമ്പുകളിലാണ് കഴിയുന്നത്.