01 January, 2024 10:24:41 AM
മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകം: മൂന്ന് പേർ കസ്റ്റഡിയിൽ
പത്തനംതിട്ട: മൈലപ്രയിൽ വയോധികൻ കടമുറിയ്ക്കുള്ളിൽ കൊല ചെയ്യപ്പെട്ട സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. മൂന്ന് പേരും കേസിൽ പ്രതികളാണെന്നാണ് സംശയം. ഇവരെ ചോദ്യം ചെയ്യൽ തുടരുകയാണ്. ഒരു വാഹനവും പിടിച്ചെടുത്തായാണ് സൂചന. മൈലപ്രയിലെ വ്യാപാരി ജോർജ്ജാണ് കൊല്ലപ്പെട്ടത്. ജോർജ് മരിച്ചത് ശ്വാസം മുട്ടിയാണെന്നാണ് പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ട്. ശരീരത്തിൽ മറ്റ് പരിക്കുകളില്ല. കവർച്ചയ്ക്കിടെയാണ് കൊലപാതകം എന്നാണ് പ്രാഥമിക നിഗമനം.
പൊലീസ് അന്വേഷണം തുടരുകയാണ്. ഡോഗ് സ്ക്വാഡ് എത്തി പരിശോധന നടത്തി. പത്തനംതിട്ട മൈലപ്ര പോസ്റ്റ് ഓഫീസ് ജങ്ങ്ഷനിലെ മലഞ്ചരക്ക് കടയിലാണ് വ്യാപാരി ജോർജ്ജിനെ കഴിഞ്ഞ ദിവസം കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തിൽ 13 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. മൈലപ്രയിൽ ആളൊഴിഞ്ഞ വീടിന് സമീപം വരെ പൊലീസ് നായ എത്തിയിരുന്നു.
മോഷണ ശ്രമമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്നും അന്വേഷണം ഊർജ്ജിതമായി നടക്കുന്നതായും ജില്ലാ പൊലീസ് മേധാവി അജിത് പറഞ്ഞു. പ്രതികളെ നിയമത്തിന് മുന്നിൽ എത്തിക്കണമെന്ന് ജോർജ്ജിന്റെ കുടുംബാംഗങ്ങളും അവശ്യപ്പെട്ടു. ജോർജ്ജിന്റെ ശരീരത്തിലുണ്ടായിരുന്ന ആറ് പവന്റെ മാലയും മേശവലിപ്പിലുണ്ടായിരുന്ന പണവും കാണാനില്ലെന്ന് ബന്ധുക്കൾ പൊലീസിനെ അറിയിച്ചിരുന്നു. കടയിലെ സിസിടിവി ക്യാമറകളുടെ ഹാർഡ് ഡിസ്ക്കും നഷ്ടപ്പെട്ടിട്ടുണ്ട്.