21 October, 2024 07:02:25 PM


പമ്പ മുതല്‍ സന്നിധാനം വരെ 15 ഇടങ്ങളില്‍ ഓക്‌സിജന്‍ പാര്‍ലറുകള്‍ സ്ഥാപിക്കും- വീണാ ജോര്‍ജ്



പമ്പ: ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് കൂടുതല്‍ വിപുലമായ ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോന്നി മെഡിക്കല്‍ കോളേജ് ബേസ് ആശുപത്രിയായി പ്രവര്‍ത്തിക്കും. ഇതിനായി മെഡിക്കല്‍ കോളേജില്‍ മതിയായ സൗകര്യങ്ങളൊരുക്കും. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ അടിയന്തര കാര്‍ഡിയോളജി ചികിത്സയും കാത്ത് ലാബ് ചികിത്സയും ലഭ്യമാക്കും.

മികച്ച ചികിത്സയോടൊപ്പം പകര്‍ച്ചവ്യാധി പ്രതിരോധവും മുന്നില്‍ കണ്ടുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകള്‍ കര്‍ശനമായ പരിശോധനകള്‍ നടത്തും. ഭക്ഷ്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. പമ്പ ആശുപത്രിയില്‍ വിപുലമായ കണ്‍ട്രോള്‍ റൂം സ്ഥാപിക്കും.

മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പ് മതിയായ സംവിധാനങ്ങള്‍ ഒരുക്കാനും ജീവനക്കാരെ നിയോഗിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. വിവിധ സ്‌പെഷ്യാലിറ്റികളിലെ ഡോക്ടര്‍മാരെ ആരോഗ്യ വകുപ്പില്‍ നിന്നും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്നും നിയോഗിക്കും. മെഡിക്കല്‍ കോളേജുകളില്‍ നിന്നും വിദഗ്ധ കാര്‍ഡിയോളജി ഡോക്ടര്‍മാരേയും ഫിസിഷ്യന്‍മാരേയും നിയോഗിക്കും.

സന്നിധാനം, പമ്പ, നിലയ്ക്കല്‍, ചരല്‍മേട് (അയ്യപ്പന്‍ റോഡ്), നീലിമല, അപ്പാച്ചിമേട് എന്നീ സ്ഥലങ്ങളില്‍ വിദഗ്ധ സംവിധാനങ്ങളോടു കൂടിയ ഡിസ്‌പെന്‍സറികള്‍ പ്രവര്‍ത്തിക്കും. പമ്പയിലേയും സന്നിധാനത്തേയും ആശുപത്രികള്‍ നവംബര്‍ 1 മുതല്‍ പ്രവര്‍ത്തും. ബാക്കിയുള്ളവ നവംബര്‍ 15 മുതല്‍ പ്രവര്‍ത്തനമാരംഭിക്കും.

എല്ലാ ആശുപത്രികളിലും ഡിഫിബ്രിലേറ്റര്‍, വെന്റിലേറ്റര്‍, കാര്‍ഡിയാക് മോണിറ്റര്‍ എന്നിവയുണ്ടാകും. നിലയ്ക്കലും പമ്പയിലും പൂര്‍ണ സജ്ജമായ ലാബ് സൗകര്യമുണ്ടാകും. 

പമ്പയിലും സന്നിധാനത്തും ഓപ്പറേഷന്‍ തീയറ്ററുകള്‍ പ്രവര്‍ത്തിക്കും. പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ താത്ക്കാലിക ഡിസ്‌പെന്‍സറിയും പ്രവര്‍ത്തിക്കും. മതിയായ ആംബുലന്‍സ് സൗകര്യങ്ങളും ക്രമീകരിക്കും


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 930