22 February, 2025 01:34:26 PM


പെട്രോൾ അടിച്ചു, ബാക്കിതുക നൽകാൻ വൈകി; 79കാരനായ പമ്പ് ജീവനക്കാരനെ മർദിച്ച്‌ യുവാക്കൾ



ആലപ്പുഴ: ചെങ്ങന്നൂരില്‍ പെട്രോള്‍ പമ്പില്‍ ഇന്ധനം അടിച്ച ശേഷം ബാക്കി പണം തിരികെ നല്‍കാന്‍ താമസിച്ചതിന് 79 വയസുള്ള പെട്രോള്‍ പമ്പ് ജീവനക്കാരനെ അതിക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കി. കേസില്‍ 19 വയസ്സുകാരായ പത്തനംതിട്ട സ്വദേശികള്‍ രണ്ടുപേര്‍ അറസ്റ്റില്‍. കഴിഞ്ഞ 19ന് രാത്രി 12.30 നാണ് സംഭവം. രൂപമാറ്റം വരുത്തിയ നമ്പര്‍ രേഖപ്പെടുത്തിയ ബൈക്കിലെത്തിയ പ്രതികള്‍ 500 രൂപ നല്‍കിയ ശേഷം 50 രൂപയുടെ പെട്രോള്‍ അടിക്കാന്‍ ആവശ്യപ്പെട്ടു. ചില്ലറ തരാന്‍ ബുദ്ധിമുട്ടാകുമെന്ന് ആദ്യം അറിയിച്ചെങ്കിലും പിന്നീട് ജീവനക്കാരന്‍ 50 രൂപയ്ക്ക് ബൈക്കില്‍ ഇന്ധനം നിറച്ചു. ശേഷം വാങ്ങിയ 500 രൂപയ്ക്ക് ബാക്കി 450 രൂപ നല്‍കാന്‍ വൈകിയതാണ് പ്രകോപനം ആയത്. ഇന്ധനം നിറച്ച പെട്രോള്‍ പമ്പിലെ ജീവനക്കാരന്‍ മണിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

പത്തനംതിട്ട കോട്ടങ്കല്‍ കുളത്തൂര്‍ മാലംപുറത്തുഴത്തില്‍ വീട്ടില്‍ 19 കാരന്‍ അജു അജയന്‍ പുല്ലാട് ബിജു ഭവനത്തില്‍ 19കാരന്‍ ബിനു എന്നിവരാണ് അറസ്റ്റിലായത്. നിരവധി സി.സി.ടി.വി ക്യാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ സാഹസികമായി അറസ്റ്റ് ചെയ്തത്. പ്രതികള്‍ നിരവധി മോഷണ കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്ന് പോലീസ് അറിയിച്ചു. ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വിപിന്‍.എ.സി യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K