20 March, 2025 02:33:09 PM
ആലപ്പുഴയിൽ യുവാവ് മരിച്ച നിലയിൽ; ചിതയൊരുക്കി സംസ്‍കാരം നടത്താൻ ഒരുങ്ങവെ തടഞ്ഞ് പൊലീസ്

ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരിയിൽ മരിച്ച നിലയിൽ കാണപ്പെട്ട 20കാരന്റെ മൃതദേഹം പൊലീസിൽ അറിയിക്കാതെ സംസ്‌കരിക്കാൻ ശ്രമം. മണ്ണഞ്ചേരി സ്വദേശി അർജുൻ ആണ് മരിച്ചത്. പൊലിസ് ഇടപെട്ടാണ് സംസ്കാരം തടഞ്ഞത്. ഇന്ന് രാവിലെയാണ് അർജുനെ വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ചനിലയിൽ കണ്ടത്. തുടർന്ന് വീട്ടുകാർ ചിതയൊരുക്കി സംസ്‍കാരം നടത്താൻ ഒരുങ്ങുകയായിരുന്നു. ഇതിനിടെ പൊലിസ് എത്തി ചടങ്ങ് നിർത്തിവച്ചു.
യുവാവ് കിടപ്പുമുറിയിലെ കട്ടിലിൽ മരിച്ചു കിടക്കുകയായിരുന്നുവെന്നാണ് കുടുംബം പൊലീസിനോട് പറഞ്ഞത്. മറ്റ് സംശയങ്ങൾ ഇല്ലാതിരുന്നതിനാലാണ് പൊലീസിൽ അറിയിക്കാതെ മൃതദേഹം ചിതയൊരുക്കി സംസ്കരിക്കാൻ തീരുമാനിച്ചതെന്നും കുടുംബം പൊലീസിനോട് പറഞ്ഞു. നിലവിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റും.