02 April, 2025 11:49:38 AM
ആലപ്പുഴയിൽ വൻ ലഹരി വേട്ട; 2 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിൽ

ആലപ്പുഴ: ആലപ്പുഴയിൽ രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് യുവതിയിൽ നിന്ന് പിടികൂടി. ചെന്നൈ സ്വദേശിനി ക്രിസ്റ്റീന എന്ന തസ്ലിമ സുൽത്താനയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഇവർക്കൊപ്പം മക്കളും ഉണ്ടായിരുന്നു. ആലപ്പുഴ നാർക്കോട്ടിക് സി ഐ മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
മണ്ണഞ്ചേരി സ്വദേശി ഫിറോസുമായി ചേർന്ന് വില്പന നടത്താനായാണ് യുവതി ആലപ്പുഴയിൽ നിന്ന് കഞ്ചാവുമായി എത്തിയത്. പൊലീസ് അന്വേഷണത്തിൽ തായിലാൻഡിൽ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് ലഭിച്ചതെന്നാണ് സൂചന. കഞ്ചാവിന് പുറമേ ക്രിസ്റ്റീന സെക്സ് റാക്കറ്റിലെ കണ്ണിയെന്നും പൊലീസ് കണ്ടെത്തി.
പെൺകുട്ടിയെ ലഹരി നൽകി മയക്കിയ ശേഷം പീഡിപ്പിച്ച കേസിലെ പ്രതിയുമാണ് ക്രിസ്റ്റീന. യുവതി ആലപ്പുഴയിൽ എത്തിയതിനു പിന്നിലും സെക്സ് റാക്കറ്റുമായി ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം അന്വേഷണത്തിന്റെ ഭാഗമായി ആലപ്പുഴയ്ക്ക് പുറമേ എറണാകുളത്തും മയക്കുമരുന്ന് വിതരണം ചെയ്തിട്ടുണ്ടെന്ന് ക്രിസ്റ്റീന മൊഴി നൽകിയിട്ടുണ്ട്.
ഇവരിൽ നിന്ന് ലഭിച്ച ഹൈബ്രിഡ് കഞ്ചാവ് മാരക ലഹരി വസ്തുവെന്നാണ് എക്സൈസ് പറഞ്ഞത്. ഹൈഡ്രോഫോണിക് കൃഷിരീതിയിൽ തായിലാൻഡിൽ വികസിപ്പിച്ചതാണ് ഇവ. സാധരണ കഞ്ചാവിനേക്കാൾ 20 മടങ്ങ് ലഹരി ഇതിന് ഉണ്ടെന്നും അത്കൊണ്ട് തന്നെ എംഡിഎംയേക്കാൾ അപകടകാരിയാണ് ഹൈബ്രിഡ് എന്ന് അന്വേഷണ സംഘം പറയുന്നു.