05 March, 2025 04:25:25 PM


റെയിൽവേ ട്രാക്കിൽ ജീവനൊടുക്കാൻ ശ്രമിച്ച ഇരുപതുകാരന് രക്ഷകനായി സിപിഒ



ആലപ്പുഴ : റെയിൽവേ ട്രാക്കിൽ ജീവനൊടുക്കാൻ ശ്രമിച്ച ഇരുപതുകാരന് രക്ഷകനായി സിപിഒ. ഹരിപ്പാട് പൊലീസ് സ്റ്റേഷനിലെ സിപിഒ നിഷാദ് ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ അതിസാഹസികമായി രക്ഷിച്ചത്. ഹരിപ്പാട് അനാരിയിൽ ഇന്ന് രാവിലെ എട്ട് മണിയോട് കൂടിയാണ് സംഭവം. ജനശതാബ്ദി ട്രെയിനിന് മുൻപിലാണ് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ട്രെയിൻ തൊട്ടടുത്ത് എത്താറായപ്പോഴായിരുന്നു ട്രാക്കിൽ നിന്നും സിപിഒ നിഷാദ് യുവാവിനെ സഹസികമായി പിടിച്ചു മാറ്റിയത്. യുവാവിനെ രക്ഷിക്കുന്നതിനിടയിൽ നിഷാദിന്റെ കാലിനും മറ്റ് ശരീരഭാഗങ്ങൾക്കും പരിക്കേറ്റു.

ഏകദേശം 100 മീറ്റര്‍ എത്തിയപ്പോൾ ട്രെയിൻ വരുന്നത് കാണുന്നുണ്ടായിരുന്നു. യുവാവ് ട്രാക്കിൽ തന്നെ നിൽക്കുകയായിരുന്നു. ഓടി യുവാവിന് അടുത്ത് എത്തുക പ്രയാസകരമായിരുന്നു. ട്രെയിൻ അടുത്ത് വരുന്നത് കണ്ടതോടെ ഡാ ചാടെല്ലെടാ പ്ലീസ്... എന്ന് അലറി വിളിക്കുകയായിരുന്നു. ചെരുപ്പ് ഊരി പോയതുകൊണ്ട് ട്രാക്കിലൂടെ ഓടാൻ വളരെ ബുദ്ധിമുട്ടി. ഇതിനിടെ കാല് തെറ്റി താനും ട്രാക്കിൽ വീണു. ഭാഗ്യത്തിന് ട്രെയിൻ വരുന്നതിന് മുമ്പ് ഇപ്പുറത്തേക്ക് മാറാൻ കഴിഞ്ഞുവെന്നും നിഷാദ് പറഞ്ഞു. എന്തായാലും വിളി കേട്ടതോടെ യുവാവും ട്രാക്കിൽ നിന്ന് മാറി. വീട്ടിലെ ചില പ്രശ്നങ്ങൾ കൊണ്ടാണ് യുവാവ് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്നും നിഷാദ് പറ‍ഞ്ഞു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K