08 October, 2024 09:24:42 AM


വീട്ടിലെ അക്വേറിയത്തിൽ ഗൃഹനാഥനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; 2 പേർ അറസ്റ്റിൽ



ആലപ്പുഴ: വീട്ടിലെ അക്വേറിയത്തിൽ ഗൃഹനാഥനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന്​ തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ നോർത്ത് പൊലീസ് അറസ്റ്റ്​ ചെയ്തു. തോണ്ടൻകുളങ്ങര വാർഡ് കിളയാംപറമ്പ് വീട്ടിൽ മുഹമ്മദ് കുഞ്ഞിന്‍റെ മകൻ കബീറാണ് (52) മരിച്ചത്. അവലൂക്കുന്ന്​ കിഴക്കേടത്ത് വീട്ടിൽ കുഞ്ഞുമോൻ (57), ആര്യാട് സൗത്ത് 10ാം വാർഡിൽ മുരിക്കുലം വീട്ടിൽ നവാസ് (52) എന്നിവരെയാണ് നോർത്ത് സി.ഐ എസ്. സജികുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ്​ ചെയ്തത്. 


ശനിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. കബീർ തനിച്ചാണ് താമസിക്കുന്നത്. മൂവരും ചേർന്ന് സംഭവ ദിവസം മദ്യപിച്ചിരുന്നു. കബീറിന്‍റെ ബൈക്ക് വിൽക്കാൻ മുൻകൂർ 2000 രൂപ വാങ്ങിയിരുന്നു. മദ്യപിക്കുന്നതിനിടെ ഇതേച്ചൊല്ലി വാക്​തർക്കം ഉണ്ടായി. കബീറിനെ ഇരുവരും ചേർന്ന് തള്ളി. സമീപത്തെ അക്വേറിയത്തിൽ കബീർ ഇടതുവശം അടിച്ച് വീണു. ഈ ഭാഗത്ത് ആഴത്തിൽ മുറിവുണ്ടായി. ഇതിൽനിന്ന് ചോരവാർന്ന നിലയിൽ കിടക്കുന്ന വിവരം ഇരുവരും പൊലീസിനെ അറിയിച്ചു. ആശുപത്രിയിൽ എത്തിക്കാൻ പൊലീസ് ഇവരോട്​ പറഞ്ഞു. പൊലീസും സ്ഥലത്ത് എത്തി.കുഞ്ഞുമോനും നവാസും ചേർന്ന്​ കബീറിനെ പുറത്ത് എടുത്ത് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് മൃതദേഹം പോസ്റ്റ്​മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.


തിങ്കളാഴ്ച തുടരന്വേഷണത്തിന്​ പൊലീസ് എത്തിയപ്പോൾ നാട്ടുകാരിൽ ചിലർ കൊലപാതകമാണെന്ന്​ മൊഴി നൽകി. സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് കുഞ്ഞുമോനെയും നവാസിനെയും കസ്റ്റഡിയിലെടുത്ത്​ ചോദ്യം ചെയ്തപ്പോൾ കൊല നടത്തിയതായി ഇരുവരും സമ്മതിച്ചു. മുറിക്കുള്ളിൽ ഭക്ഷണാവശിഷ്ടങ്ങൾ ചോര പുരണ്ട നിലയിൽ കണ്ടെത്തി. മറ്റ് സാഹചര്യത്തെളിവുകളും കൊലപാതകമാണെന്ന് സ്ഥിരീകരിക്കാൻ സഹായകമായെന്ന്​ പൊലീസ്​ പറഞ്ഞു. നോർത്ത് പൊലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരുകയാണ്​.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K