10 October, 2024 11:44:41 AM
മുഴ നീക്കം ചെയ്യാൻ 12,000 രൂപ കൈക്കൂലി; ഡോക്ടർക്ക് സസ്പെൻഷൻ
പത്തനംതിട്ട: ശസ്ത്രക്രിയക്ക് കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ അടൂർ ജനറൽ ആശുപത്രിയിലെ അസിസ്റ്റന്റ് സർജൻ ഡോ. വിനീതിനെ സസ്പെൻഡ് ചെയ്തു. ശസ്ത്രക്രിയയ്ക്ക് 12000 രൂപ കൈക്കൂലി ചോദിച്ച സംഭവത്തിലാണ് നടപടി. ഡോക്ടർ കൈക്കൂലി ആവശ്യപ്പെടുന്ന ശബ്ദരേഖ നേരത്തെ പുറത്തുവന്നിരുന്നു. കരുവാറ്റ സ്വദേശിനി വിജയശ്രീയാണ് ഡോ. വിനീതിനെതിരെ അടൂർ ജനറൽ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയത്. സഹോദരിയുടെ ചികിൽസയ്ക്കായാണ് ഡോ വിനീതിനെ കണ്ടതെന്നും പുറത്തെ മുഴ മാറ്റാനുള്ള ശസ്ത്രക്രിയക്ക് പന്ത്രണ്ടായിരം രൂപ ഡോ വിനീത് ആവശ്യപ്പെട്ടെന്നുമാണ് പരാതിക്കാരിയുടെ ആരോപണം. ഡോ വിനീതുമായുള്ള ഫോൺ സംഭാഷണ ശബ്ദരേഖയും വിജയശ്രീ ആശുപത്രി സൂപ്രണ്ടിന് പരാതിയോടൊപ്പം നൽകിയിരുന്നു.
കഴിഞ്ഞ സെപ്റ്റംബർ മാസം 16 നാണ് അടൂർ താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ വിജയശ്രീയുടെ സഹോദരി വിജയാ ദേവി ചികിത്സ തേടിയെത്തിയത്. പതിനേഴാം തീയതി സർജൻ ഡോ. വിനീതിനെ കണ്ടു. ചില പരിശോധനകൾ നടത്തി പരിശോധനാ ഫലവുമായി താൻ താമസിക്കുന്ന ഇടത്തേക്ക് ചെല്ലാൻ ഡോ.വിനീത് അറിയിച്ചതായും വിജയശ്രീയുടെ പരാതിയിൽ പറയുന്നു.
പരിശോധനാ ഫലവുമായി ഡോക്ടറെ കണ്ടപ്പോഴാണ് ശസ്ത്രക്രിയയ്ക്കായി 12000 രൂപ വേണമെന്ന് ആവശ്യപ്പെട്ടത്. അടുത്ത ദിവസം ശസ്ത്രക്രിയയ്ക്കായി തീയതി നൽകുകയും ചെയ്തു. പണം നൽകാത്തതിനാൽ ശസ്ത്രക്രിയയ്ക്കായുള്ള തീയതി നീട്ടി വച്ചതായും മറ്റൊരു ഡോക്ടറെ സമീപിച്ച് ശസ്ത്രക്രിയ നടത്തിയതായും വിജയശ്രീയുടെ പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്. പരാതി നൽകി രണ്ടാഴ്ച കഴിഞ്ഞും ഒരു വകുപ്പ് തല അന്വേഷണത്തിന് സുപ്രണ്ട് തയ്യാറായിട്ടില്ലെന്ന വാദവും പരാതിക്കാരി ഉന്നയിച്ചിരുന്നു. ഇടതുപക്ഷ യുവജന സംഘടന അടക്കം നടപടി ആവശ്യപ്പെട്ട് പ്രതിഷേധിച്ചതോടെയാണ് നടപടി ഉണ്ടായത്.