18 November, 2024 02:52:42 PM


നഴ്‌സിംഗ് വിദ്യാര്‍ഥിയുടെ മരണം; അന്വേഷണത്തിന് നിര്‍ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്



പത്തനംതിട്ട: നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിന്റെ മരണത്തിൽ അന്വേഷണത്തിന് നിര്‍ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്. അന്വേഷണം നടത്താന്‍ ആരോഗ്യ സര്‍വകലാശാലയ്ക്കാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയത്. ചുട്ടിപ്പാറ സ്‌കൂൾ ഓഫ്‌ മെഡിക്കൽ എഡ്യൂക്കേഷനിലെ വിദ്യാർത്ഥിനിയായ തിരുവനന്തപുരം സ്വദേശി അമ്മു എസ് സജീവ് (22) വെള്ളിയാഴ്ചയാണ് താഴേവെട്ടിപ്പുറത്തുള്ള സ്വകാര്യ വനിതാ ഹോസ്‌റ്റലിന്റെ മുകളിൽ നിന്ന് ചാടി മരിച്ചത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. അമ്മുവിന്റെ മരണത്തിൽ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. അമ്മു ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സഹപാഠികളിൽ നിന്നും മാനസിക പീഡനമുണ്ടായെന്നും സഹോദരൻ പറഞ്ഞിരുന്നു. റാഗിങും വ്യക്തിഹത്യയും സ്ഥിരമായി നേരിട്ടിരുന്നതായും അമ്മുവിന്റെ മുറിയിൽ സഹപാഠികൾ അതിക്രമിച്ച് കടക്കാൻ ശ്രമിച്ചുവെന്നുമാണ് കുടുംബം ആരോപിച്ചത്. അധ്യാപകരും ഇതിന് കൂട്ടുനിന്നുവെന്നും ആരോപണമുണ്ട്.

അമ്മു ടൂർ കോർഡിനേറ്ററായത് മുതലാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്നാണ് പെൺകുട്ടിയുടെ അമ്മ ആരോപിക്കുന്നത്. ടൂറിന് പോകുന്നില്ല എന്ന് തീരുമാനിച്ചിരുന്നതാണ്. പ്രശ്നങ്ങളെ പറ്റി കോളേജ് അധികൃതർക്ക് പരാതി നൽകിയിരുന്നു. ലോഗ് ബുക്ക് കാണാതെ പോയതിൽ അമ്മുവിനെ കുറ്റപ്പെടുത്തി. അനുവാദം ഇല്ലാതെ മുറിയിൽ കയറി പരിശോധന നടത്തിയെന്നും ഇതിൽ വലിയ മാനസിക ബുദ്ധിമുട്ടുണ്ടെന്നും അമ്മു പറഞ്ഞിരുന്നുവെന്നും അമ്മ പറഞ്ഞു. കോളേജിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പുമായി ബന്ധപ്പെട്ട് പെൺകുട്ടികൾ സാമ്പത്തിക തിരിമറി നടത്തിയിരുന്നു. ഇത് പുറത്ത് പറയുമോയെന്ന് ഭയന്ന് അമ്മുവിനെ അപായപ്പെടുത്തിയതാകാമെന്നും അമ്മ ആരോപിച്ചിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 952