18 August, 2024 05:46:25 PM
ലണ്ടനിലെ സോമർസെറ്റ് ഹൗസിൽ തീപിടിത്തം; ആർട്ട് മ്യൂസിയം അടച്ചു
ലണ്ടൻ: സെൻട്രൽ ലണ്ടനിലെ ചരിത്രപ്രസിദ്ധമായ സോമർസെറ്റ് ഹൗസിൽ തീപിടിത്തം. ലോകപ്രശസ്ത ആർട്ട് മ്യൂസിയമായ സോമർസെറ്റ് ഹൗസിലെ ആർട്ട് ഗാലറികൾ സുരക്ഷിതമായി സംരക്ഷിക്കാൻ ഫയർ ഫോഴ്സിനായി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിൽ 125 ഫയർ ഫൈറ്റർമാർ ചേർന്നാണ് നഗരമധ്യത്തിലെ വൻ ദുരന്തം നിയന്ത്രണത്തിലാക്കിയത്. ഇന്നലെ ഉച്ചയോടെയാണ് സോമർസെറ്റ് ഹൗസിലെ വെസ്റ്റ് വിങ്ങിൽ തീപിടിത്തമുണ്ടായത്. അപകടകാരണം പൊലീസ് വ്യക്തമാക്കിയിട്ടില്ല. അപകടമുണ്ടായ സ്ഥലത്ത് ആർട്ട് വർക്കുകൾ ഒന്നും സൂക്ഷിച്ചിരുന്നില്ലെന്നാണ് ഔദ്യോഗിക അറിയിപ്പ്. അപകടത്തിൽ ആർക്കും പരുക്കുമില്ല.തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ സോമർസെറ്റ് ഹൗസ് അനിശ്ചിതകാലത്തേക്ക് അടച്ചു. എന്നാൽ കോർട്ടോൾഡ് ഗാലറി നാളെ പൊതുജനങ്ങൾക്കായി തുറക്കുമെന്ന് അറിയിച്ചിട്ടുണ്ട്.