26 August, 2024 12:02:44 PM
ഇന്ത്യൻ വംശജനായ ഡോക്ടർ യുഎസിൽ വെടിയേറ്റ് മരിച്ചു
ന്യൂയോർക്ക്: യുഎസിലെ അലബാമയിലെ ടസ്‌കലൂസ നഗരത്തിൽ ഇന്ത്യൻ വംശജനായ ഡോക്ടർ വെടിയേറ്റ് മരിച്ചു. പ്രശസ്ത ഫിസിഷ്യൻ രമേഷ് പേരാംസെട്ടി(63)യാണ് കൊല്ലപ്പെട്ടത്. ആന്ധ്രാപ്രദേശിലെ തിരുപ്പതി സ്വദേശിയാണ് ഇദ്ദേഹം. കൊലപാതകത്തിൻറെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
അമേരിക്കയിലുടനീളമുള്ള ഒന്നിലധികം ആശുപത്രികളിൽ സേവനമനുഷ്ഠിച്ചിരുന്നു. ക്രിംസൺ കെയർ നെറ്റ്‌വർക്കിൻ്റെ സ്ഥാപകനും മെഡിക്കൽ ഡയറക്ടറുമായിരുന്നു രമേഷ്. ആരോഗ്യരംഗത്തുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ വലിയ രീതിയിൽ അംഗീകരിക്കപ്പെട്ടിരുന്നു.1986-ൽ വെങ്കിടേശ്വര മെഡിക്കൽ കോളേജിൽ നിന്നും ബിരുദം നേടിയ രമേഷ് 38 വർഷമായി ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നു.
എമർജൻസി മെഡിസിൻ, ഫാമിലി മെഡിസിൻ എന്നിവയിൽ വൈദഗ്ധ്യം നേടിയ അദ്ദേഹം ടസ്കലൂസയ്ക്ക് പുറമെ മറ്റ് നാല് സ്ഥലങ്ങളിലും പ്രാക്ടീസ് ചെയ്തിരുന്നു. രമേഷ് പഠിച്ച ആന്ധ്രാപ്രദേശിലെ മേനകുരു ഹൈസ്‌കൂളിന് 14 ലക്ഷം രൂപയും ഗ്രാമത്തിൽ ഒരു സായി ക്ഷേത്രം പണിയുന്നതിനായുള്ള സംഭാവനയും അദ്ദേഹം നൽകിയിട്ടുള്ളതായി റിപ്പോർട്ടുകൾ പറയുന്നു. ഭാര്യയും രണ്ട് ആൺമക്കളും രണ്ട് പെൺമക്കളുമുള്ള കുംടുംബം അമേരിക്കയിൽ സ്ഥിരതാമസക്കാരാണ്.