31 August, 2024 12:06:16 PM


ആകാശത്തുവെച്ച് ടോവിങ് റോപ്പ് പൊട്ടി, എയർ ലിഫ്റ്റിങ്ങിനിടെ ഹെലികോപ്റ്റർ താഴെവീണ് തകർന്നു



ദെഹ്റാദൂൺ: തകരാറിലായ ഹെലികോപ്റ്റർ എയർലിഫ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെ ടോവിങ് റോപ്പ് പൊട്ടി താഴെ വീണ് തകർന്നു. കേദാർനാഥ് ക്ഷേത്രത്തിലേക്ക് തീർത്ഥാടകരെ കൊണ്ടുപോകുന്നതിന് നേരത്തേ ഉപയോ​ഗിച്ചിരുന്ന ഹെലികോപ്റ്ററാണ് ഇപ്പോൾ അപകടത്തിൽപ്പെട്ടത്.

കേദാർനാഥിലെ ഹെലിപാഡിൽനിന്ന് ​ഗൗച്ചറിലേക്ക് മറ്റൊരു ഹെലികോപ്റ്റർ ഉപയോ​ഗിച്ച് പ്രത്യേക കയർകൊണ്ട് (ടോവിങ് റോപ്പ്) ബന്ധിപ്പിച്ചായിരുന്നു തകരാറിലായ കോപ്റ്റർ കൊണ്ടുപോയത്. എന്നാൽ ആകാശത്തുവച്ച് ഈ കയർ പെട്ടെന്ന് പൊട്ടിയതോടെ ഹെലികോപ്റ്റർ താഴേക്കുവീഴുകയായിരുന്നു.

ലിഞ്ചോളിയിലെ മന്ദാകിനി നദിക്ക് സമീപമാണ് സ്വകാര്യ കമ്പനിയുടെ കോപ്റ്റർ തകർന്നുവീണത്. അതേസമയം അപകടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. നിലവിൽ ആർക്കും പരിക്കില്ലെന്നാണ് അധികൃതർ നൽകുന്ന വിവരം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K