09 November, 2024 01:51:44 PM


പാക്കിസ്ഥാനിലെ റെയിൽവേ സ്റ്റേഷനിൽ സ്ഫോടനം; 24 പേർ കൊല്ലപ്പെട്ടു



ലാഹോർ: പാക്കിസ്ഥാനിലെ ക്വറ്റയിൽ റെയിൽവേ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ 24 പേർ കൊല്ലപ്പെട്ടു. 40 പേർക്ക് പരിക്കേറ്റു. ശനിയാഴ്ചയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനമുണ്ടായ വിവരം സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് ബലൂചിസ്ഥാൻ മുഹമ്മദ് സ്ഥിരീകരിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചാവേർ സ്ഫോടനമാണ് ഉണ്ടായതെന്ന് സംശയിക്കുന്നതായും സ്ഫോടനമുണ്ടാവുമ്പോൾ നൂറോളം പേർ റെയിൽവേ സ്റ്റേഷനിൽ ഉണ്ടായിരുന്നുവെന്നാണ് സംശയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ ഇതുസംബന്ധിച്ച് സ്ഥിരീകരണം നൽകാനാവില്ല. റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലാണ് സ്ഫോടനമുണ്ടായതെന്ന് ഏദി റെസ്ക്യു സർവീസ് തലവൻ ഷീസ്ഹാൻ പറഞ്ഞു. പൊലീസും സുരക്ഷാസേനയും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ടെന്ന് ബലൂചിസ്ഥാൻ സർക്കാർ വക്താവ് ഷാഹിദ് റിൻഡ് പറഞ്ഞു. പ്രദേശത്ത് ബോംബ് സ്ക്വാഡ് ഉൾപ്പടെയെത്തി പരിശോധന നടത്തുന്നുണ്ട്. ഇത് പൂർത്തിയായതിന് ശേഷം മാത്രമേ സ്ഫോടനത്തെ സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ പറയാനാകു. സ്ഫോടനത്തെ തുടർന്ന് ആശുപത്രികൾക്കും സർക്കാർ ഉദ്യോഗസ്ഥർക്കും ഒരുങ്ങിയിരിക്കാൻ അടിയന്തര നിർദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 917