11 November, 2024 09:17:25 AM


ക്യൂബയിൽ ശക്തമായ രണ്ട് ഭൂചലനങ്ങൾ; നിരവധി വീടുകൾ തകർന്നു



ഹവാന: ക്യൂബയില്‍ ഭൂചലനം. ഒരു മണിക്കൂറിനിടെ ശക്തമായ രണ്ട് ഭൂചലനങ്ങളാണ് ദക്ഷിണ ക്യൂബയില്‍ രേഖപ്പെടുത്തിയത്. 6.8, 5.9 തീവ്രതയാണ് രേഖപ്പെടുത്തിയത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും പ്രദേശത്ത് വലിയ നാശനഷ്ടങ്ങളുണ്ടായതായി വിവരമുണ്ട്.

തെക്കന്‍ ഗ്രാന്‍മ പ്രവിശ്യയിലെ ബാര്‍ട്ടലോം മാസോ തീരത്തുനിന്ന് ഏകദേശം 25 മൈല്‍ അകലെയുള്ള പ്രദേശത്താണ് 6.8 മാഗ്നിറ്റിയൂഡ് രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ആദ്യ പ്രകമ്പനമുണ്ടായി ഒരു മണിക്കൂറിന് ശേഷമായിരുന്നു രണ്ടാമതും ഭൂചലനമുണ്ടായത്. കരീബിയന്‍ ദ്വീപ് രാഷ്ട്രത്തിലുടനീളം ഭൂചലനം അനുഭവപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിരവധി വീടുകള്‍ക്ക് കേടുപാടുകളുണ്ടായിട്ടുണ്ട്. പ്രദേശത്ത് വലിയ തോതില്‍ മണ്ണിടിച്ചിലുണ്ടാകുകയും വൈദ്യുത ലൈനുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ചുരുങ്ങിയത് രണ്ട് ദിവസത്തേക്കെങ്കിലും പ്രദേശത്ത് വൈദ്യുതി മുടങ്ങിയേക്കുമെന്നാണ് വിവരം. റാഫേല്‍ ചുഴലിക്കാറ്റുണ്ടാക്കിയ നാശനഷ്ടങ്ങളില്‍ നിന്ന് കരകയറുന്നതിനിടെയാണ് ക്യൂബയില്‍ തിരിച്ചടിയായി ഭൂചലനമുണ്ടായിരിക്കുന്നത്. സുനാമി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 942