22 November, 2024 11:27:42 AM
പാകിസ്ഥാനില്‍ വാഹനങ്ങള്‍ക്ക് നേരെ വെടിവെപ്പ്; 50 പേർ കൊല്ലപ്പെട്ടു
പെഷാവർ: പാകിസ്താനിലെ ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിലുണ്ടായ വെടിവെപ്പിൽ 50 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ എട്ട് സ്ത്രീകളും അഞ്ച് കുട്ടികളും ഉൾപ്പെടുന്നു. വാഹന യാത്രികർക്ക് നേരെയാണ് ആക്രമണമുണ്ടായത്. അഫ്ഗാനിസ്ഥാനോട് ചേർന്ന ഖൈബർ പഖ്തൂൺഖ്വ പ്രൊവിൻസിലെ ആദിവാസി ജില്ലയായ കുറാമിലായിരുന്നു ആക്രമണം. പ്രദേശത്ത് ഷിയാ-സുന്നി സംഘർഷം രൂക്ഷമാണ്.
ഇരുന്നൂറിലേറെ വാഹനങ്ങളിലായി നൂറുകണക്കിന് ആളുകളാണ് വാഹന വ്യൂഹത്തിൽ സഞ്ചരിച്ചിരുന്നത്. വാഹന വ്യൂഹത്തിന് മുന്നിലായി സഞ്ചരിച്ച പൊലീസ് വാഹനത്തിന് നേരെയാണ് ആദ്യം അക്രമികൾ വെടിയുതിർത്ത്. പിന്നാലെ യാത്രക്കാർക്ക് നേരെയും ആക്രമണമുണ്ടായി. വെടിവയ്പ്പിൽ പരുക്കേറ്റവരിൽ പതിനൊന്ന് പേരുടെ നില ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ചീഫ് സെക്രട്ടറി നദീം അസ്ലം ചൗധരി പറഞ്ഞു. ഷിയാ വിഭാഗത്തിൽപ്പെടുന്നവരാണ് വാഹന വ്യൂഹത്തിൽ സഞ്ചരിച്ചത്.
ഖൈബർ പഖ്തൂൻഖ്വ മുഖ്യമന്ത്രി അലി അമിൻ ഖാൻ ഗന്ധപൂർ ആക്രമണത്തെ അപലപിച്ചു. പ്രവിശ്യയിലെ എല്ലാ റോഡുകളുടെയും സുരക്ഷ ഉറപ്പാക്കാൻ അദ്ദേഹം അധികാരികൾക്ക് നിർദ്ദേശം നൽകി. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുകയും ഇരകളുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു.
"നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യമിടുന്നത് അങ്ങേയറ്റം ദാരുണവും അപലപനീയവുമാണ്. ഈ സംഭവത്തിൽ ഉൾപ്പെട്ടവർ നിയമത്തിൻ്റെ പിടിയിൽ നിന്ന് രക്ഷപ്പെടില്ല," അലി അമിൻ ഖാൻ പറഞ്ഞു. ഷിയ-സുന്നി സംഘർഷം നിരന്തരമായി നടക്കുന്ന മേഖലയിൽ കഴിഞ്ഞ സെപ്റ്റംബറിൽ 25 പേർ കൊല്ലപ്പെട്ടിരുന്നു.
ഒക്ടോബറിലുണ്ടായ രണ്ട് ആക്രമണങ്ങളിൽ 12-ഉം 15-ഉം പേർ വീതമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ലെങ്കിലും ഷിയ വിരുദ്ധ ആക്രമണങ്ങൾക്ക് മേഖലയിൽ പാക് താലിബാനും ഇസ്ലാമിക് സ്റ്റേറ്റുമാണ് നേതൃത്വം നൽകുന്നത്. അതുകൊണ്ട് ഇക്കൂട്ടരാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.