30 November, 2024 06:33:40 PM
നൈജീരിയയിൽ ബോട്ട് തകർന്ന് നിരവധി പേർക്ക് ദാരുണാന്ത്യം
അബുജ: വടക്കൻ നൈജീരിയയിൽ ബോട്ട് തകർന്ന് അപകടം. ഇരുനൂറിലേറെ ഉണ്ടായിരുന്ന യാത്രക്കാരിൽ 27ലേറെ പേരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. നൂറിലധികം പേരെ കാണാതായി. നൈജീരിയയിലെ കോഗിയിൽ നിന്ന് അയൽ സംസ്ഥാനമായ നൈജറിലേക്ക് പോയ ബോട്ടാണ് നൈജർ നദിയിൽ അപകടത്തിൽപ്പെട്ടത്.
അപകടം നടന്ന് 12 മണിക്കൂറിന് ശേഷം നദിയിൽ നിന്ന് ആരെയും ജീവനോടെ രക്ഷിക്കാനായിട്ടില്ലെന്നാണ് അധികൃതർ വിശദമാക്കുന്നത്. പ്രാദേശിക സ്കൂബാ വിദഗ്ധരും സേനാംഗങ്ങളും ചേർന്ന് സംയുക്തമായാണ് രക്ഷാ പ്രവർത്തനം നടത്തുന്നത്. യാത്രക്കാരിൽ കൂടുതലും സ്ത്രീകളായിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പരിധിയിൽ കൂടുതൽ ആളുകൾ ബോട്ടിൽ ഉണ്ടായിരുന്നതായാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം അപകട കാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല.