03 December, 2024 09:15:25 AM


ഗാസയിൽ വീടുകൾക്കുനേരെ ഇസ്രയേല്‍ ബോംബിങ്: 15 മരണം



ജറുസലം: ഇസ്രയേല്‍ വടക്കന്‍ ഗാസയില്‍ ബെയ്ത്ത് ലാഹിയ പട്ടണത്തിലെ പാര്‍പ്പിടസമുച്ചയത്തില്‍ നടത്തിയ ബോംബാക്രമണത്തില്‍ 15 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. മേഖലയില്‍ നിലവില്‍ പ്രവര്‍ത്തനക്ഷമമായ മൂന്ന് ആശുപത്രികളും പരുക്കേറ്റവരെക്കൊണ്ടു നിറഞ്ഞതായി അധികൃതര്‍ അറിയിച്ചു. 2 മാസത്തിനിടെ വടക്കന്‍ ഗാസയില്‍ മാത്രമായി 3700 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു.

യുദ്ധത്തില്‍ അംഗഹീനരായ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഉള്ളത് ഗാസയിലാണെന്ന് യുഎന്‍ മേധാവി അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഒട്ടേറെ കുട്ടികള്‍ക്കു കൈകാലുകള്‍ നഷ്ടമായി. അനസ്‌തേഷ്യ നല്‍കാതെയാണ് കുട്ടികള്‍ക്കു ശസ്ത്രക്രിയ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈയാഴ്ച ഗാസയിലേക്ക് പേരിനു മാത്രമാണു സഹായവുമായി ട്രക്കുകളെത്തിയതെന്നും ഇത് പലസ്തീന്‍കാരെ കൊടുംതണുപ്പിലും മഴയത്തും പട്ടിണിക്കിടാനുള്ള ആസൂത്രിത പദ്ധതിയാണെന്നും സന്നദ്ധ സംഘടനയായ നോര്‍വീജിയന്‍ റഫ്യൂജി കൗണ്‍സില്‍ ആരോപിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 913