11 January, 2025 11:34:18 AM


എറണാകുളം-അങ്കമാലി അതിരൂപതാ ആസ്ഥാനത്ത് സംഘര്‍ഷം; പ്രതിഷേധിച്ച വൈദികരെ പുറത്താക്കി



അങ്കമാലി: എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് വൈദികരും പൊലീസുകാരും തമ്മിൽ സംഘർഷം. ബിഷപ്പ് ഹൗസിൽ പ്രാർത്ഥന പ്രതിഷേധം നടത്തുന്ന വിമത വൈദികരെ ബലം പ്രയോഗിച്ച് പുറത്താക്കാൻ പൊലീസ് ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്. പ്രതിഷേധിക്കുന്ന 21 വൈദികരിൽ 4 പേരെ സസ്പെൻഡ് ചെയ്തു. ഇവരടക്കം എല്ലാവരോടും പുറത്ത് പോകാൻ അപ്പോസ്തലിക്ക് അഡ്മിനിസ്ട്രേറ്റർ നിർദേശിച്ചു. 

മൂന്ന് ദിവസമായി വൈദികര്‍ സത്യഗ്രഹം നടത്തിവരികയാണ്. ശനിയാഴ്ച രാവിലെ പൊലീസ് പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു.ബസിലിക്ക പള്ളിക്ക് മുൻപിലാണ് സംഭവമുണ്ടായത്.  രാത്രി സമാധാനമായി കിടന്നുറങ്ങിയ വൈദികരെ വലിച്ചിഴച്ച് കൊണ്ടുവന്നുവെന്നാണ് വൈദികരുടെ ആരോപണം. ഉറങ്ങിയ  വൈദികരെ കുത്തിയെഴുന്നേൽപ്പിച്ച് വസ്ത്രം പോലും മാറാൻ അനുവദിക്കാതെ കൊണ്ടുവന്നതായും, വസ്ത്രം മാറാൻ ശ്രമിച്ചവരുടെ വീഡിയോ എടുത്തതായുമാണ് വൈദികർ ആരോപിക്കുന്നത്. 

പ്രായമായ വൈദികർക്ക് അടക്കം മർദ്ദനമേറ്റു. ബിഷപ്പ് ഹൌസിന്റെ ഗേറ്റ് അടക്കം തല്ലിപ്പൊളിച്ചാണ് വൈദികരെ ഗേറ്റിന് സമീപത്ത് എത്തിച്ചതെന്നാണ് വൈദികർ പൊലീസിനെതിരെ ഉയർത്തുന്ന ആരോപണം. എന്തിനാണ് കൊണ്ട് പോകുന്നത് എന്ന ചോദ്യത്തിന് മറുപടി നൽകാൻ പൊലീസുകാർ തയ്യാറായില്ലെന്നും വൈദികർ ആരോപിക്കുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K