13 January, 2025 01:07:36 PM


നിലമ്പൂരില്‍ മത്സരിക്കാന്‍ ഇല്ലെന്ന് പി വി അന്‍വര്‍; കോണ്‍ഗ്രസ് വി എസ് ജോയിയെ നിര്‍ത്തണമെന്ന് നിര്‍ദേശം



തിരുവനന്തപുരം: നിലമ്പൂരില്‍ മത്സരിക്കില്ലെന്ന് പി വി അന്‍വര്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് നിരുപാധിക പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കര്‍ക്ക് രാജി നല്‍കിയതിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേയാണ് വെളിപ്പെടുത്തല്‍. ഈ സര്‍ക്കാരിന്റെ അവസാനത്തില്‍ നടക്കുന്ന ഉപ തെരഞ്ഞെടുപ്പ് പിണറായിസത്തിനെതിരെയുള്ള അവസാനത്തെ ആണിയായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. നിലമ്പൂരില്‍ മലയോര മേഖലയില്‍ നിന്നുള്ള ക്രൈസ്തവരെ മത്സരിപ്പിക്കണമെന്ന് അദ്ദേഹം യുഡിഎഫിനോട് അഭ്യര്‍ത്ഥിച്ചു. മലപ്പുറം DCC പ്രസിഡന്റ വി. എസ് ജോയിയെ മത്സരിപ്പിക്കണമെന്ന് അന്‍വര്‍ പറഞ്ഞു.

പിണറായിസത്തിനെതിരെ പിന്തുണ നല്‍കി പൊതു സമൂഹത്തോട് നന്ദി പറഞ്ഞാണ് അന്‍വര്‍ വാര്‍ത്താസമ്മേളനം ആരംഭിച്ചത്. നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് വിജയിപ്പിച്ച വോട്ടര്‍മാര്‍ക്കും നിയമസഭയില്‍ ആദ്യമായി എത്തിച്ചേരാന്‍ പിന്തുണ നല്‍കിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും പ്രവര്‍ത്തകര്‍ക്കും അന്‍വര്‍ നന്ദി പറഞ്ഞു. 11 ന് തന്നെ ഇമെയില്‍ വഴി രാജി സമര്‍പ്പിച്ചിരുന്നു. രാജി ഉദ്ദേശത്തിലല്ല കൊല്‍ക്കത്തയിലേക്ക് പോയത്.

കല്‍ക്കത്തയില്‍ പോവുകയും പാര്‍ട്ടി നേതൃത്വവുമായി സംസാരിക്കുകയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയോട് വീഡിയോ കോണ്‍ഫറന്‍സ് വഴി കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. ഇതില്‍ പ്രധാനം കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വിഷയമായ വന്യ ജീവി ആക്രമണവുമായി ബന്ധപ്പെട്ടതാണ്. ഇതില്‍ കൂടുതല്‍ ദുരിതമനുഭവിക്കുന്ന സംസ്ഥാനമാണ് കേരളമെന്നും പറഞ്ഞു. വിഷയത്തില്‍ ശക്തമായ നിലപാട് രാജ്യത്തിന്റെ പാര്‍ലമെന്റില്‍ സ്വീകരിക്കണമെന്ന് മമത ബാനര്‍ജിയോട് ആവശ്യപ്പെട്ടു.

പാര്‍ട്ടിയുമായി സഹകരിച്ചു പോകാന്‍ തീരുമാനിക്കുകയാണെങ്കില്‍ പാര്‍ലമെന്റില്‍ വിഷയം ഉന്നയിക്കുമെന്നും രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള ഇന്ത്യമുന്നണി നേതാക്കളുമായി ഈ വിഷയം ചര്‍ച്ച ചെയ്യുമെന്നും ഇന്ത്യ മുന്നണി ഈ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുകയും അവര്‍ പറഞ്ഞു. 1972ലെ ആനിമല്‍ പ്രൊട്ടക്ഷന്‍ ആക്റ്റില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്താന്‍ സമ്മര്‍ദം ചെലുത്താന്‍ തയാറാണെന്നും അവര്‍ അറിയിച്ചു – മമത ബാനര്‍ജിയുമായി നടത്തിയ ചര്‍ച്ചയെ കുറിച്ച് അന്‍വര്‍ പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ കോ- ഓര്‍ഡിനേറ്റര്‍ ആയി നില്‍ക്കാം എന്നാണ് കരുതിയതെന്നും എന്നാല്‍ എംഎല്‍എ സ്ഥാനം രാജി വെക്കാന്‍ മമത നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നും അന്‍വര്‍ വെളിപ്പെടുത്തി. മലയോര ജനതക്ക് വേണ്ടി എംഎല്‍എ സ്ഥാനം സമര്‍പ്പിക്കാനാണ് പറഞ്ഞതെന്നും അന്‍വര്‍ വ്യക്തമാക്കി.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K