15 January, 2025 10:17:49 AM


ബോബി ചെമ്മണ്ണൂരിന് വീണ്ടും കുരുക്ക്; കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കും



കൊച്ചി: വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ അസാധാരണ നീക്കവുമായി ഹൈക്കോടതി. പ്രതിഭാഗം അഭിഭാഷകരോട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. ബോബി ചെമ്മണ്ണൂരിന് കഴിഞ്ഞദിവസം ജാമ്യം അനുവദിച്ചതിന് പിന്നാലെ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ഇത് കണക്കിലെടുത്താണ് കോടതിയുടെ അസാധാരണ നടപടി.

നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന നാടകീയ സംഭവങ്ങളായി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചതിന് പിന്നാലെ ഉണ്ടായത്. ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി ചെമ്മണ്ണൂര്‍ അഭിഭാഷകരെ അറിയിക്കുകയായിരുന്നു. റിമാന്‍ഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്നങ്ങളില്‍ കുരുങ്ങി പുറത്തിറങ്ങാന്‍ പറ്റാത്ത തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ തുടരാന്‍ തീരുമാനിച്ചത്. ഈ തടവുകാര്‍ പുറത്തിറങ്ങും വരെ താനും കാക്കനാട് ജയിലില്‍ തുടരുമെന്ന് ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു.

ഉപാധികളോടെയാണ് കോടതി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചത്. സമാനമായ കേസുകളില്‍ ഉള്‍പ്പെടരുതെന്നും ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചാല്‍ മജിസ്ട്രേറ്റ് കോടതിക്ക് ഇടപെടാമെന്നും ജാമ്യ വ്യവസ്ഥയില്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോഴൊക്കെ ഹാജരാകണമെന്നും അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കണമെന്നും ജാമ്യ ഉത്തരവിലുണ്ട്. പൊലീസ് ചുമത്തിയ കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നും വ്യക്തമാക്കി. ദ്വായര്‍ത്ഥ പ്രയോഗമാണ് പ്രതി നടത്തിയത്. പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന പ്രതിഭാഗം വാദം നിലവില്‍ അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K