15 January, 2025 04:04:31 PM


'നിരുപാധികം മാപ്പ്, ഇനി വായ തുറക്കില്ലെന്ന് ബോബി'; ഒടുക്കം മാപ്പ് സ്വീകരിച്ച് കോടതി



കൊച്ചി: ഹൈക്കോടതിയില്‍ നിരുപാധികം മാപ്പ് അറിയിച്ച് വ്യവസായി ബോബി ചെമ്മണ്ണൂര്‍. കോടതിയെ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. മാധ്യമങ്ങള്‍ വന്നുചോദിച്ചപ്പോഴുണ്ടായ പ്രതികരണമാണ് തന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് മാപ്പ് സ്വീകരിച്ച് കോടതി കേസ് തീര്‍പ്പാക്കി. ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാത്ത ബോബി ചെമ്മണ്ണൂരിന്റെ നടപടിയിലും തുടര്‍ന്നുണ്ടായ പ്രവര്‍ത്തിയിലും കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു.

അയാള്‍ ഇന്നിറങ്ങിയാലും നാളെ ഇറങ്ങിയാലും കുഴപ്പമില്ല. കോടതിയെ വെല്ലുവിളിക്കുകയാണ്. അത് അംഗീകരിക്കാന്‍ സാധിക്കില്ല. പ്രഥമദൃഷ്ട്യാ ബോബി ചെമ്മണ്ണൂര്‍ തെറ്റുകാരനാണ് എന്നായിരുന്നു കോടതിയുടെ വിമര്‍ശനം. തുടര്‍ന്ന് ഇനി മേലാല്‍ വായ തുറക്കില്ലെന്ന് ബോബിയുടെ അഭിഭാഷകന്‍ അറിയിച്ചു. ബാക്കിയുള്ള അന്തേവാസികളുടെ വക്കാലത്ത് ഏറ്റെടുക്കുന്നത് കോടതിയെ വെല്ലുവിളിക്കുന്നതാണ് കോടതി നിരീക്ഷിച്ചു.

നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന നാടകീയ സംഭവങ്ങളായിരുന്നു ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചതിന് പിന്നാലെ കഴിഞ്ഞദിവസം ഉണ്ടായത്. ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി ചെമ്മണ്ണൂര്‍ അഭിഭാഷകരെ അറിയിക്കുകയായിരുന്നു. റിമാന്‍ഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്‌നങ്ങളില്‍ കുരുങ്ങി പുറത്തിറങ്ങാന്‍ പറ്റാത്ത തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ തുടരാന്‍ തീരുമാനിച്ചത്.

എന്നാല്‍ ഇന്ന് മാധ്യമങ്ങളോട് സാങ്കേതിക കാരണങ്ങളാലാണ് ഇന്നലെ പുറത്തിറങ്ങാന്‍ കഴിയാതിരുന്നത്. ഇന്ന് രാവിലെയാണ് റിലീസ് ഓര്‍ഡറുമായി എത്തിയത്. ഇന്നലെ ഉത്തരവുമായി വരുമെന്ന് പറഞ്ഞിരുന്നെങ്കിലും ആരും വന്നിരുന്നില്ല. പിന്നീടാണ് അറിഞ്ഞത് എന്തോ സാങ്കേതിക പ്രശ്‌നമാണെന്ന്. ഇന്ന് രാവിലെയാണ് പുറത്ത് ഇറങ്ങാന്‍ സാധിച്ചതെന്നും ബോബി ചെമ്മണൂര്‍ പറഞ്ഞു.

മനപ്പൂര്‍വം ആരെയും വിഷമിപ്പിക്കാന്‍ വേണ്ടി ഒന്നും പറയാറില്ല. കഴിയുന്നതും ആളുകള്‍ക്ക് സഹായം ചെയ്യുന്ന വ്യക്തിയാണ്. മനപ്പൂര്‍വമല്ലെങ്കിലും എന്റെ വാക്കു കൊണ്ട് ആര്‍ക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കില്‍ മാപ്പുപറയാന്‍ യാതൊരു ഈഗോ കോംപ്ലക്‌സുമില്ല. കോടതിയെ ബഹുമാനിക്കുന്നു. നീതിന്യായ വ്യവസ്ഥയില്‍ വിശ്വസിക്കുന്നു. ഇത്രയും കാലത്തിനിടയ്ക്ക് കോടതിയെ ധിക്കരിച്ചു എന്നത് തന്നെക്കുറിച്ച് ഉണ്ടായിട്ടില്ല. ഒരിക്കലും അങ്ങനെ ചെയ്യില്ല എന്നും ബോബി ചെമ്മണൂര്‍ പറഞ്ഞു.

നാടകം കളിക്കുക എന്നതൊന്നും ഉദ്ദേശിച്ചിട്ടില്ല. ഒരു ബിസിനസ്മാനാണ് താന്‍. കോടതിയോട് വിവരമുള്ള ആരെങ്കിലും കളിക്കുമോ?. അതിന്റെ ആവശ്യമില്ല. അത്തരമൊരു വ്യക്തിയല്ല താന്‍. ഒരിക്കലും അത്തരമൊരു ഉദ്ദേശശുദ്ധിയോടെ അത്തരത്തില്‍ പ്രവൃത്തി തന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. കോടതിയോട് എന്നും ബഹുമാനം മാത്രമേയുള്ളൂ. തന്റെ വാക്കുകൊണ്ട് ആര്‍ക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കില്‍ ഒരിക്കല്‍ കൂടി മാപ്പു ചോദിക്കുകയാണെന്നും ബോബി ചെമ്മണൂര്‍ പറഞ്ഞു.

ജയിലിന് പുറത്ത് ആഘോഷത്തിന് കൂടിയവരെക്കുറിച്ച് തനിക്ക് അറിയില്ല. ഒരു കാരണവശാലും ജയിലിലേക്ക് ആരും വരരുതെന്ന് എല്ലാ ജില്ലകളിലേയും ബോച്ചെ ഫാന്‍സ് കോര്‍ഡിനേറ്റര്‍മാര്‍ക്ക് താന്‍ നിര്‍ദേശം നല്‍കിയിരുന്നു. അവിടെ വന്ന് തിക്കും തിരക്കുമുണ്ടാക്കിയാല്‍ എന്നെ തന്നെയാണ് ബാധിക്കുകയെന്ന് എല്ലാവര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഭാവിയില്‍ സംസാരത്തില്‍ കൂടുതല്‍ ശ്രദ്ധിക്കും. ഇനിയും ഷോറൂം ഉദ്ഘാടന പരിപാടികളില്‍ സെലിബ്രിറ്റികളെ വീണ്ടും ക്ഷണിക്കും. മാര്‍ക്കറ്റിങ്ങ്, സെയില്‍സ് പ്രമോഷന്‍ ലക്ഷ്യമിട്ടാണ് അവരെ വിളിക്കുന്നത്. ആ ഉദ്ദേശത്തിലാണ് വിളിക്കുന്നത്. അത് അവരോട് പറയാറുണ്ടെന്നും ബോബി ചെമ്മണൂര്‍ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K