24 January, 2025 12:58:58 PM


ഉദ്ധവ് താക്കറെ വിഭാഗം ശിവസേനയിൽ നിന്നും കേരളനേതാക്കളുടെ കൂട്ടരാജി



കൊച്ചി : ഉദ്ധവ് താക്കറെ വിഭാഗം ശിവസേനയിൽ കൂട്ട രാജി. ഉദ്ധവ് താക്കറെ വിഭാഗം ശിവസേന സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെച്ച എം എസ് ഭുവനചന്ദ്രന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടായിരുന്നു കേരളത്തിലെ ശിവസേന നേതാക്കൾ കൂട്ടമായി രാജി വെച്ചത്. പാർട്ടി സംസ്ഥാന ഭാരവാഹികളും 14 ജില്ലാ പ്രസിഡന്റുമാരും സെക്രട്ടറിമാരും അടക്കമുള്ള നേതാക്കളാണ് ഉദ്ധവ് താക്കറെ വിഭാഗം ശിവസേന വിട്ടത്.

എറണാകുളം വൈ എം സി എ ഹാളിൽ നടന്ന സമ്മേളനം എം എസ് ഭുവനചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വ്യക്തമായ ഉദ്ദേശലക്ഷ്യങ്ങളോടെയാണ് ബാൽതാക്കറെ ശിവസേന രൂപീകരിച്ചതെന്ന് എം എസ് ഭുവനചന്ദ്രൻ പറഞ്ഞു. എന്നാൽ ഉദ്ധവ് താക്കറെയുടെ വരവോടെ അധികാരങ്ങൾക്കും സ്ഥാനമാനങ്ങൾക്കും വേണ്ടി ഇതെല്ലാം കാറ്റിൽ പറത്തി സനാതന മൂല്യങ്ങളെ പോലും തള്ളിപ്പറയുന്ന ഇതര പാർട്ടികളോടും മുന്നണികളോടും കൂട്ട് ചേരുകയായിരുന്നു. ഇത് അംഗീകരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് രാജിയെന്ന് എം എസ് ഭുവനചന്ദ്രൻ പറഞ്ഞു.

പാർട്ടി സംസ്ഥാന വക്താവായിരുന്ന പള്ളിക്കൽ സുനിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി പി ആർ ദേവൻ, ശിവസേന നേതാക്കളായിരുന്ന അഡ്വ രാജീവ്‌ രാജധാനി, രാമകൃഷ്ണൻ ഉണ്ണിത്താൻ, പുത്തൂർ വിനോദ്, പപ്പൻ കോഴിക്കോട്, ബിജു വാരപ്പുറത്തു, അനിൽ ദാമോദരൻ, താമരക്കുള രവി, ടി എസ് ബൈജു, കോട്ടുകാൽ ഷൈജു, പ്രസന്നൻ താനിമൂട് എന്നിവർ സംസാരിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K