20 January, 2024 02:01:59 PM


ഗൂഗിള്‍ പേയിലൂടെ കൈക്കൂലി; 2 മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു



കൊല്ലം: കൊല്ലത്ത്  ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. വൻ തുക പിഴ ഈടാക്കുന്നത് ഒഴിവാക്കാൻ ഏജന്‍റിന്‍റെ ഗൂഗിൾ പേ അക്കൗണ്ട് വഴിയാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പണം വാങ്ങിയത്. ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർ വി.ആ‌ർ.ലിജിൻ, ഡ്രൈവർ എൻ. അനിൽകുമാർ എന്നിവരെയാണ് ട്രാൻസ്പോർട്ട് കമ്മിഷണർ സസ്പെൻഡ് ചെയ്തത്.

കഴിഞ്ഞ 4ന് രാവിലെ 10.30ന് പാറപ്പൊടി കയറ്റിവന്ന രണ്ട് ടോറസ് ലോറികൾ ഉദ്യോഗസ്ഥർ പിടികൂടി. കൊട്ടാരക്കര- ഓടനാവട്ടം റോഡിൽ വാഹന പരിശോധനക്കിടെയാണ് വാഹനം പിടികൂടിയത്. തുടർന്ന് വൻ തുകയുടെ കരട് ചെല്ലാൻ തയ്യാറാക്കി ഡ്രൈവർമാരെ വിരട്ടി. ഒന്നര മണിക്കൂർ നീണ്ട വിലപേശലുകൾക്കൊടുവിൽ ഒത്തുതീർപ്പെന്ന നിലയിൽ ഇരുപതിനായിരം രൂപ ഏജന്‍റിന്‍റെ  ഗൂഗിൾപേ അക്കൗണ്ടിലേക്ക് അയപ്പിച്ചു. തുടർന്ന് കരട് ചെല്ലാൻ റദ്ദാക്കി. ഇത് സംബന്ധിച്ച് ട്രാൻസ്പോർട്ട് കമ്മിഷണർക്ക് രഹസ്യ വിവരം ലഭിക്കുകയും നേരിട്ട് അന്വേഷണം ആരംഭിക്കുകയുമായിരുന്നു. 

മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ എ.എം.വി ലിജിനും ഡ്രൈവർ അനിൽകുമാറും ഒന്നര മണിക്കൂർ സ്ഥലത്തുണ്ടായിരുന്നുവെന്ന് വ്യക്തമായി. ഏജന്‍റിന്‍റെ  ഗൂഗിൾപേ അക്കൗണ്ടിലേക്കാണ് പണം അയച്ചതെന്നും കണ്ടെത്തി. അങ്ങിനെയാണ് ഇവർക്കെതിരെ നിയമനടപടി സ്വീകരിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K