20 January, 2024 04:41:27 PM


ബെവ്‌കോ ഔട്ട്‌ലെറ്റിൽ നിന്ന് 81 ലക്ഷം രൂപ തട്ടിയ കേസിൽ ജീവനക്കാരൻ കീഴടങ്ങി



പത്തനംതിട്ട: പത്തനംതിട്ട കൂടൽ ബെവ്‌കോ ഔട്ട്‌ലെറ്റിൽ നിന്ന് 81 ലക്ഷം രൂപ തട്ടിയ കേസിൽ പ്രതിയായ ജീവനക്കാരൻ കോടതിയിൽ കീഴടങ്ങി. എൽ ഡി ക്ലാർക്ക് അരവിന്ദ് പി ആണ് പത്തനംതിട്ട കോടതിയിൽ കീഴടങ്ങിയത്. ബാങ്കിൽ അടയ്‌ക്കേണ്ട തുകയാണ് പ്രതി തിരിമറി നടത്തിയത്. റമ്മി കളിക്കാൻ വേണ്ടിയായിരുന്നു തട്ടിപ്പെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

ചില്ലറ വിൽപനശാല മാനേജറുടെ പരാതിയിലാണ് കൊല്ലം ശൂരനാട് സ്വദേശി അരവിന്ദിനെ പ്രതിയാക്കി കൂടൽ പൊലീസ് കേസെടുത്തത്. 2023 ജൂൺ മുതൽ ആറ് മാസം കൊണ്ടാണ് പ്രതി 81 ലക്ഷം രൂപ തട്ടിപ്പ് നടത്തിയത്. ബാങ്കില്‍ അടയ്ക്കാന്‍ കൊടുത്തുവിട്ട പണത്തില്‍ ഒരു ഭാഗമാണ് അപഹരിച്ചത്. ആറ് മാസത്തിന് ശേഷമാണ് തട്ടിപ്പ് കണ്ടെത്തുന്നത്. എല്‍ ഡി ക്ലാര്‍ക്ക് ആയ അരവിന്ദ് ദിവസങ്ങളായി ജോലിക്കെത്തുന്നുണ്ടായിരുന്നില്ല. ക്ലാർക്ക് നടത്തിയ തട്ടിപ്പിൽ മേൽ ഉദ്യോഗസ്ഥർക്കും വീഴ്ച പറ്റിയെന്ന കണ്ടെത്തലിൽ വകുപ്പുതല നടപടി വന്നിരുന്നു. മാനേജരെ സസ്പെൻഡ് ചെയ്തതിന് പുറമെ ഓ‍‍ഡിറ്റ് വിഭാഗത്തിലെ അഞ്ച് പേരെ സ്ഥലം മാറ്റുകയും ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K