26 March, 2025 12:26:03 PM
'രാജീവ് ചന്ദ്രശേഖറിനെ തോൽപിച്ച വി വി രാജേഷിനെ പുറത്താക്കുക'; ബിജെപി ഓഫീസിന് മുന്നില്‍ പോസ്റ്റര്‍

തിരുവനന്തപുരം: പാർട്ടിയുടെ മുൻ ജില്ലാ അധ്യക്ഷന്‍ വി വി രാജേഷിനെതിരെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നിലും വീടിന് മുന്നിലും പോസ്റ്റര്‍ പ്രതിഷേധം. അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് പാര്‍ട്ടി വിശദമായി അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് പോസ്റ്റര്‍. ബിജെപി പ്രതികരണ വേദിയുടെ പേരിലാണ് ഇംഗ്ലീഷിലും മലയാളത്തിലുമായി പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.
'ലോക്‌സഭാ തിരഞ്ഞെടുപ്പിലെ രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിയായ രാജേഷിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണം', 'തിരഞ്ഞെടുപ്പില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ രാജേഷിനെതിരെ പാര്‍ട്ടി നടപടിയെടുക്കുക', 'കോണ്‍ഗ്രസില്‍ നിന്നും പണം പറ്റി ബിജെപിയെ തോല്‍പ്പിച്ച വി വി രാജേഷിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുക', 'ഇഡി റബ്ബര്‍ സ്റ്റാമ്പ് അല്ലെങ്കില്‍ രാജേഷ് അനധികൃതമായി സമ്പാദിച്ച സ്വത്ത് കണ്ടു കെട്ടുക', 'രാജേഷിന്റെ 15 വര്‍ഷത്തിനുള്ളിലെ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് പാര്‍ട്ടി വിശദമായി അന്വേഷണം നടത്തണം' എന്നീ കാര്യങ്ങളാണ് പോസ്റ്ററില്‍ ഉന്നയിച്ചിരിക്കുന്നത്.
രാജീവ് ചന്ദ്രശേഖർ പാർട്ടി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റതിന് പിന്നാലെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതെന്നതാണ് ശ്രദ്ധേയം. പതിവില്ലാത്തവിധം ഇംഗ്ലീഷിലും പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. രാജീവ് ചന്ദ്രശേഖറിന് കാര്യങ്ങൾ ബോധ്യമാകാനാണ് ഇംഗ്ലീഷിലും പോസ്റ്റർ പതിച്ചതെന്നാണ് ചർച്ചകൾ. അതേസമയം, തിരുവനന്തപുരം നഗരസഭയിൽ അടുത്ത തിരഞ്ഞെടുപ്പിൽ അധികാരത്തിലെത്താമെന്ന പ്രതീക്ഷയിലാണ് ബിജെപിയിലെ ഒരുവിഭാഗം. വി വി രാജേഷിന്റെ നേതൃത്വത്തിലാണ് ഇതിനുള്ള നടപടികളുമായി മുന്നോട്ടുപോകുന്നത്. ഈ സാധ്യതകളെ തുരങ്കംവക്കാനുള്ള ഗ്രൂപ്പ് പോരിന്റെ ഭാഗമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതെന്നാണ് വി വി രാജേഷിനെ അനുകൂലിക്കുന്നവർ പറയുന്നത്.