20 March, 2025 10:18:47 PM
കേസിന്‍റെ വിവരങ്ങള്‍ പി വി അന്‍വറിന് ചോര്‍ത്തി നല്‍കി; ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഷാജിയെ സസ്‌പെന്‍ഡ് ചെയ്തു. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിന്റെ വിവരങ്ങള്‍ പി വി അന്‍വറിന് ചോര്‍ത്തിക്കൊടുത്തെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഷാജിയെ സസ്‌പെന്‍ഡ് ചെയ്തത്.
2018 ഒക്ടോബറിലായിരുന്നു തിരുവനന്തപുരത്തെ സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ചത്. രണ്ട് കാറുകളും സ്‌കൂട്ടറും കത്തിനശിച്ചിരുന്നു. വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ച സംഭവമായിരുന്നു ഇത്. അടുത്തിടെ ആശ്രമം തീവെയ്പ് കേസ് പൊലീസ് അട്ടിമറിച്ചെന്ന ആരോപണവുമായി പി വി അന്‍വര്‍ രംഗത്തെത്തിയിരുന്നു.
ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെ പിന്തുണച്ച ആളാണ് സന്ദീപാനന്ദ ഗിരിയെന്നും ഇതിന് പിന്നാലെയാണ് ആശ്രമം കത്തിച്ച നടപടിയെന്നുമായിരുന്നു അന്‍വര്‍ പറഞ്ഞത്. കേസിലെ പ്രതികളെ രക്ഷപ്പെടാന്‍ പൊലീസ് നീക്കം നടത്തി. ഡിവൈഎസ്പി രാജേഷാണ് കേസ് വഴിതിരിച്ചുവിട്ടത്. ഈ ഉദ്യോഗസ്ഥന്‍ വിരമിച്ച ശേഷം ബിജെപിയില്‍ സജീവമായെന്നും അന്‍വര്‍ ആരോപിച്ചിരുന്നു. ഈ വിവരങ്ങള്‍ അന്‍വറിന് ചോര്‍ത്തി നല്‍കിയത് ഡിവൈഎസ്പി ഷാജിയാണെന്നായിരുന്നു ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍.