05 April, 2025 01:51:47 PM


പൃഥ്വിരാജിന് ആദായ നികുതി വകുപ്പ് നോട്ടീസ്; മുൻ സിനിമകളുടെ പ്രതിഫലത്തിൽ അന്വേഷണം



കൊച്ചി: എംപുരാന്‍ വിവാദങ്ങള്‍ക്ക് പിന്നാലെ ചിത്രത്തിന്റെ സംവിധായകനും നടനുമായ പൃഥ്വിരാജിന് ആദായ നികുതി വകുപ്പ് നോട്ടീസ്. മൂന്ന് ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച് നടനില്‍ നിന്ന് ആദായ വകുപ്പ് വിശദീകരണം തേടി. നിര്‍മാണ കമ്പനിയുടെ പേരില്‍ പണം വാങ്ങിയതില്‍ വ്യക്തത വരുത്തണമെന്നാണ് നോട്ടീസില്‍ പറയുന്നത്. നോട്ടീസ് സ്വാഭാവിക നടപടിക്രമം മാത്രമാണെന്നാണ് ആദായനികുതി വകുപ്പ് പറയുന്നത്

കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ സിനിമകള്‍ക്ക് കിട്ടിയ പ്രതിഫലം സംബന്ധിച്ച കാര്യങ്ങള്‍ പൃഥ്വിരാജ് വിശദീകരിക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. ഈ സിനിമകളില്‍ അഭിനേതാവ് എന്ന നിലയില്‍ പൃഥ്വി രാജ് പ്രതിഫലം വാങ്ങിയിരുന്നില്ല. പാതി നിര്‍മാതാവെന്ന നിലയില്‍ നാല്‍പത് കോടി രൂപയോളം വാങ്ങിയതായും ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. മാര്‍ച്ച് 29നാണ് പൃഥ്വിരാജിന് ഇമെയില്‍ വഴി നോട്ടീസ് നല്‍കിയത്. ഏപ്രില്‍ 29നകം വരുമാനവുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കണമെന്നാണ് പറയുന്നത്.

ഒരു നടൻ എന്ന നിലയിൽ വരുമാനത്തിനുള്ള നികുതി ബാധ്യത ഒരു സഹനിർമ്മാതാവിനേക്കാൾ കൂടുതലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൃത്യമായ വിലയിരുത്തലിനായി ഈ കാര്യങ്ങൾ വ്യക്തമാക്കാൻ വകുപ്പ് പൃഥ്വിരാജിനോട് ആവശ്യപ്പെട്ടു. ഇത് ഒരു പതിവ് നടപടിക്രമമാണെന്നും അവരുടെ സ്റ്റാൻഡേർഡ് വെരിഫിക്കേഷൻ പ്രക്രിയയുടെ ഭാഗമാണെന്നും ആദായനികുതി ഉദ്യോഗസ്ഥർ പറഞ്ഞു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 947