27 January, 2024 12:12:44 PM


ട്രംപിന് തിരിച്ചടി; മാനനഷ്ട കേസിൽ മാധ്യമ പ്രവർത്തകയ്ക്ക് 83 ദശലക്ഷം ഡോളർ നഷ്ടപരിഹാരം നൽകണം



ന്യൂയോർ‌ക്: മാധ്യമപ്രവർത്തക ഇ ജീൻ‌ കാരോൾ നൽകിയ മാനനഷ്ടക്കേസിൽ യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് വൻ തിരിച്ചടി. കാരളിന് 83 മില്യൺ ഡോളർ നഷ്ടപരിഹാരമായി നൽകണമെന്ന് ന്യൂയോർക് കോടതി ഉത്തരവിട്ടു. കാരൾ ആവശ്യപ്പെട്ടതിനേക്കാൾ ഇരട്ടി തുകയാണ് കോടതി വിധിച്ചിരിക്കുന്നത്. കേസിന്‍റെ വിധി കേൾക്കാൻ നിൽക്കാതെ കോടതിയിൽ നിന്ന് ഇറങ്ങിപ്പോയ ട്രംപ് സമൂഹമാധ്യമത്തിലൂടെ അപ്പീൽ നൽകുമെന്ന് അറിയിച്ചു. ഈ കേസിനു പിന്നിൽ ജോ ബൈഡനാണെന്നും ട്രംപ് ആരോപിച്ചിട്ടുണ്ട്.

ട്രംപ് തന്നെ 23 വർഷങ്ങൾക്കു മുൻ‌പ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് 2019 ലാണ് കാരൾ വെളിപ്പെടുത്തിയത്. 1996ൽ മാൻഹാറ്റനിലെ ഒരു ഡിപ്പാർട്മെന്‍റ് സ്റ്റോറിൽ ഷോപ്പിങ് നടത്തുന്നതിനിടെ അക്കാലത്തെ റിയൽ എസ്റ്റേറ്റ് പ്രമുഖനായിരുന്ന ട്രംപിനെ കണ്ടുവെന്നും സൗഹൃദം ഭാവിച്ച് അടുത്തു കൂടിയതിനു ശേഷം ഉപദ്രവിച്ചുവെന്നുമാണ് കാരൾ വെളിപ്പെടുത്തിയത്.

ഭയം മൂലമാണ് അന്നു പരാതിപ്പെടാതിരുന്നതെന്നും കാരൾ പറയുന്നു. സംഭവം നിഷേധിച്ച ട്രംപ് കാരളിനെ നിരന്തരമായി വ്യക്തിഹത്യ ചെയ്തിരുന്നു. നഷ്ടപരിഹാരമായി നൽകേണ്ട 83 മില്യണിൽ 18 മില്യൺ ഡോളർ കാരളിനുണ്ടായ മാനനഷ്ടത്തിനും വൈകാരിക പ്രശ്നത്തിനുമാണ്. 65 മില്യൺ ഡോളർ ട്രംപിന്‍റെ ആവർത്തിച്ചുള്ള വ്യക്തിഹത്യക്കുള്ള ശിക്ഷയാണെന്നും കോടതി വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K