27 January, 2024 04:18:40 PM
'ഗവര്‍ണറുടെ സമനില തെറ്റി'; നിലമേല്‍ സംഭവത്തില്‍ വിമര്‍ശനവുമായി വി. ശിവന്‍കുട്ടി
കൊല്ലം: നിലമേലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയുളള എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധത്തില്‍ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പൊലീസ് ഗവര്‍ണര്‍ക്ക് സംരക്ഷണം നല്‍കുകയാണ് ചെയ്തത്. കൊല്ലം നിലമേല്‍ സംഭവത്തോടെ ഗവര്‍ണറുടെ സമനില തെറ്റിയെന്നാണ് തോന്നുന്നത്. ഗവര്‍ണര്‍ തീരുമാനിച്ചുറപ്പിച്ച പോലെ ചെയ്യുന്നുവെന്നാണ് തോന്നുന്നത്. ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി ചെയ്യാന്‍ പാടില്ലാത്ത കാര്യമാണിതെന്നും വി ശിവന്‍കുട്ടി വിമര്‍ശിച്ചു.
ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാള്‍ ഇങ്ങനെയൊക്കെ പെരുമാറിയാല്‍ എന്താണ് ചെയ്യേണ്ടതെന്നും വി ശിവന്‍കുട്ടി ചോദിച്ചു. പ്രതിഷേധമൊക്കെ സാധാരണ നിലയില്‍ ഉണ്ടാകുന്ന ഒന്നല്ലെ. പ്രധാനമന്ത്രി മുതല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ വരെ പ്രതിഷേധമുണ്ടാകാറുണ്ട്. ഇതൊക്കെ സാധാരണയാണ്. ജനാധിപത്യ പ്രക്രിയയില്‍ ഇതൊക്കെയുണ്ടെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി.
നല്ല ഒന്നാന്തരം നാടകമാണ് ഗവര്‍ണര്‍ നടത്തുന്നതെന്ന് പി സി വിഷ്ണുനാഥ് എംഎല്‍എ വിമര്‍ശിച്ചു. ഏതോ കേന്ദ്രത്തില്‍ നിന്ന് തീരുമാനിച്ചുറപ്പിച്ച് നടത്തുന്ന നാടകമാണിത്. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന യാഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ വേണ്ടി ഗവര്‍ണര്‍സര്‍ക്കാര്‍ പോര്, ഗവര്‍ണര്‍ റോഡിലിരിക്കുന്നു എന്നൊക്കെ പറഞ്ഞ് വാര്‍ത്തയാക്കുകയാണ്. രണ്ടു കൂട്ടരും തീരുമാനിച്ച ഒരു സ്‌ക്രിപ്റ്റില്‍ മറ്റാരുടേയൊ സംവിധാനത്തില്‍ നടന്ന നല്ല ഒന്നാന്തരം നാടകമാണിതെന്നും പി.സി വിഷ്ണുനാഥ് വിമര്‍ശിച്ചു.