27 January, 2024 05:07:09 PM


കച്ചവടം 2 മണിക്കൂർ മുടങ്ങി: 1000 രൂപ കടയുടമയെ ഏല്‍പിച്ച് ഗവർണറുടെ മടക്കം



കൊല്ലം: നിലമേലില്‍ എസ്‌എഫ്‌ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് ഗവർണർ ഔദ്യോഗിക വാഹനത്തില്‍ നിന്നിറങ്ങി റോഡരികില്‍ കസേരയിട്ടിരുന്ന് പ്രതിഷേധിച്ചത് ഒരു കടയുടെ മുന്നിൽ.

രണ്ട് മണിക്കൂർ നേരത്തെ പ്രതിഷേധത്തിനിടെ സ്വാഭാവികമായും കച്ചവടക്കാരന്റെ കച്ചവടം മുട്ടി. ഇതുകണക്കിലെടുത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കച്ചവടക്കാരന്റെ കച്ചവടം മുടങ്ങിയതില്‍ 1000 രൂപ കടയുടമയെ ഏല്‍പിച്ചാണ് മടങ്ങിയത്. 

രണ്ട് മണിക്കൂർ കച്ചവടം മുടങ്ങിയതിന് നഷ്ടപരിഹാരമെന്ന നിലയിലാണ് തുക നല്‍കിയത്. എന്നാല്‍ സംഭവത്തില്‍ പരാതിയില്ലെന്നും പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ടെന്നുമായിരുന്നു കടയുടമ ഫിറോസിന്റെ പ്രതികരണം.

പൈസ വേണ്ടെന്ന് ഫിറോസ് പറഞ്ഞിട്ടും 1000 രൂപ നല്‍കി. 'അദ്ദഹം ഇവിടെ വന്ന് ഒരു കസേര ചോദിച്ച്‌ ഇവിടെയിരുന്നു. രണ്ട് മണിക്കൂർ അദ്ദേഹം ഇവിടെയിരിക്കുമെന്ന് കരുതിയില്ല. ആ സമയത്ത് കച്ചവടം നടന്നില്ല. തുടർന്ന് വേണ്ടെന്ന് പറഞ്ഞിട്ടും നിർബന്ധിച്ച്‌ പണം നല്‍കി. അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫാണ് പണം നല്‍കിയത്. 1000 രൂപ തന്നു.' ഫിറോസ് പറഞ്ഞു. 

രണ്ട് മണിക്കൂർ നേരത്തെ പ്രതിഷേധത്തിനൊടുവില്‍ ഗവർണർ സദാനന്ദപുരത്തെ പരിപാടി സ്ഥലത്തേക്ക് മടങ്ങിപ്പോയി. എസ് എഫ് ഐ കരിങ്കൊടി കാട്ടിയതാണ് നാടകീയ സംഭവങ്ങള്‍ക്ക് ഇടയാക്കിയത്. കാറിന് അടുത്ത് എസ് എഫ് ഐക്കാർ എത്തി. കാറില്‍ ഇടിക്കുകയും ചെയ്തു. ഇതോടെ കാറില്‍ നിന്നും ഗവർണർ പുറത്തിറങ്ങുകയായിരുന്നു.

എസ്‌എഫ്‌ഐ പ്രതിഷേധത്തിന് പിന്നാലെ, റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച ഗവർണർ സമരം അവസാനിപ്പിച്ചത് പൊലീസിനും ആശ്വാസമായി. എഫ്‌ഐആറിന്റെ പകർപ്പ് കൈയില്‍ കിട്ടിയ ശേഷമാണ് രണ്ടുമണിക്കൂർ നേരം നീണ്ട കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K